നെടുങ്കണ്ടം: വാഹനാപകടംമൂലം തൊഴിൽമേഖല ഉപേക്ഷിക്കേണ്ടിവന്നെങ്കിലും വിധിയോട് തോറ്റുകൊടുക്കാൻ ടിറ്റോ തയാറല്ല. മുയൽ വളർത്തലിലൂടെ കാർഷിക, സംരംഭക മേഖലയ്ക്ക് മാതൃകയാവുകയാണ് ചേന്പളം സ്വദേശിയായ യുവകർഷകൻ.
പഠന കാലഘട്ടത്തിലാണ് ടിറ്റോ സ്കറിയയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റത്. ബൈക്കിന്റെ പിന്നിൽ മറ്റൊരുവാഹനം വന്നിടിക്കുകയായിരുന്നു. ഇടതുകാലിന് പരിക്കേൽക്കുകയും മാസങ്ങളോളം ചികിത്സയിൽ കഴിയുകയും ചെയ്തു.
പിന്നീട് ഐടിഐയിൽ മെക്കാനിക്കൽ പഠനം പൂർത്തിയാക്കി പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകൾമൂലം തുടരാനായില്ല.
നാട്ടിൽ തിരികെയെത്തിയ ടിറ്റോ മുയൽ വളർത്തലിന്റെ സാധ്യതകൾ തിരിച്ചറിയുകയും ചെറിയതോതിൽ ഫാം ആരംഭിക്കുകയുമായിരുന്നു.
മേഖലയിൽ പരിചയ സന്പന്നരായവരുടെ പക്കൽനിന്നും നിർദേശങ്ങൾ ചോദിച്ചറിഞ്ഞാണ് മുയൽ വളർത്തലിലേക്ക് എത്തിയത്. തുടക്കത്തിൽ വളരെ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും നിലവിൽ ലാഭകരമായാണ് ഫാം മുന്നോട്ടുപോകുന്നത്.
അഞ്ചുവർഷമായി ഈ യുവകർഷകൻ മുയൽ ഫാമിംഗിൽ പ്രവർത്തിക്കുന്നു. ഇറച്ചി ആവശ്യങ്ങൾക്കായും വളർത്തുന്നതിനായും ആളുകൾ മുയലുകളെ ടിറ്റോയുടെ പക്കൽനിന്നും വാങ്ങുന്നുണ്ട്. മാസംതോറും 15,000 മുതൽ 20,000 വരെയാണ് വരുമാനം.
ചോദിച്ചെത്തുന്ന മുഴുവൻ ആളുകൾക്കും മുയലുകളെ നൽകാനാവാത്ത സാഹചര്യമാണുള്ളത്. ഹോട്ടലുകളിൽനിന്നും വലിയ ഓർഡറുകൾ തേടിയെത്താറുണ്ടെങ്കിലും അവർക്കും നൽകാനാവുന്നില്ല.
മുയലിനൊപ്പം വിവിധതരം ലൗ ബേർഡ്സ്, താറാവ്, മീൻ വളർത്തൽ, പാഷൻ ഫ്രൂട്ട് കൃഷി തുടങ്ങിയവയും നടത്തിവരുന്നു. ഫാം ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ഈ യുവാവ്.