നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിൽ വെള്ളിയാഴ്ചയുണ്ടായത് മേഘവിസ്ഫോടനമെന്ന് നിഗമനം. നാലര മണിക്കൂറിനിടെ പെയ്തിറങ്ങിയത് 117.02 മില്ലിമീറ്റർ മഴ. ഓഗസ്റ്റിലെ മഹാപ്രളയത്തേക്കാളും വലിയ മഴയാണ് ഉണ്ടായതെന്ന് റവന്യു വിഭാഗം വിലയിരുത്തി. കനത്ത നാശംവിതച്ച മഴയെക്കുറിച്ച് കെ എസ്ഇബി, റവന്യു, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പഠനംനടത്തും.
മഹാപ്രളയത്തിലും ഉണ്ടാകാത്ത വെള്ളപ്പൊക്കം
വൈകുന്നേരം നാലരയോടെയാണ് പ്രദേശത്ത് കനത്ത മഴ ആരംഭിച്ചത്. മഴയിൽ വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. നെടുങ്കണ്ടം ടൗണ്‍ വെള്ളത്തിൽ മുങ്ങിപ്പോയി. നാലര മണിക്കൂർകൊണ്ട് കല്ലാർ ഡാം നിറഞ്ഞുകവിഞ്ഞു. ഡാമിലെ പരമാവധി സംഭരണശേഷിക്കൊപ്പം വെള്ളമെത്തി.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. വൈദ്യുതി വകുപ്പ് രാത്രി 12-നു അനൗണ്‍സ്മെന്റ് വാഹനങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി. എന്നാൽ രാത്രി 12.30-ഓടെ മഴയ്ക്ക് ശമനമുണ്ടായതിനെത്തുടർന്ന് കല്ലാർ ഡാം തുറക്കേണ്ടെന്നു തീരുമാനിക്കുകയുമായിരുന്നു. ശക്തമായ മഴപെയ്താൽ ഡാം തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
മണ്ണിടിച്ചിലിനെത്തുടർന്ന് കൽകൂന്തൽ പതാലിൽ രതീഷ് ഗോപിയുടെ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി വീട് വാസയോഗ്യമല്ലതായി. വീട്ടുകാർ സ്ഥലത്തില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
ഉരുൾപൊട്ടൽകണ്ട്മ ധ്യവയസ്കൻ മരിച്ചു
രാത്രി 8.45 ഓടെ കൈലാസപുരിയിൽ ഉരുൾപൊട്ടി മണ്ണും വെള്ളവും ഒഴുകിവരുന്നതുകണ്ട് ബൈക്കുപേക്ഷിച്ചു രക്ഷപ്പെടാൻ ഓടിയ 53-കാരൻ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണു മരിച്ചു. വടക്കേകോലേത്ത് മേഖല ജോണ്‍സനാണ് മരിച്ചത്. ഉരുൾപൊട്ടലിൽ രണ്ടേക്കറോളം ഏലത്തോട്ടം നശിച്ചു. പാട്ടത്തേക്കുഴി സണ്ണി, സിജു വാലുപറന്പിൽ എന്നിവരുടെ ഏലത്തോട്ടമാണ് നശിച്ചത്. ബേഡ്മെട്ട് – നെടുങ്കണ്ടം റോഡ് ഉരുൾപൊട്ടലിനെത്തുടർന്ന് തോടായി മാറി.
ടൗണ്‍ വെള്ളത്തിലായി
നെടുങ്കണ്ടം ടൗണിൽ പടിഞ്ഞാറെ കവലയിലാണ് വെള്ളം കയറിയത്. നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിലായി. ചക്കക്കാനത്തിനു സമീപം നിരവധി വീടുകളിലും വെള്ളം കയറി. വീട്ടുപകരണങ്ങളും വിദ്യാർഥികളുടെ ബുക്കും പുസ്തകങ്ങളും ഒഴുകിപ്പോയി.
ചക്കക്കാനം മേഖലയിലെ ശ്രീനിലയം കൃഷ്ണപിള്ള, ജോഷി വട്ടമല, ടാർലിസ് മാത്രവിളയിൽ, പി.ടി.മാണി പതിപ്പള്ളിൽ, ജയിംസ് കത്തിലാങ്കൽ, പയസ് പന്തമാക്കൽ, ബിനോയ് ഐക്കലപ്പറന്പിൽ, രതീഷ്, അസി, ലക്ഷ്മിക്കുട്ടിയമ്മ കാരകുന്നത്ത്, വാഹിത മൻസിൽ, കെ.ടി. തോമസ്, ജോണ്‍ കളത്തൂർ, ബാബു തിട്ടയിൽ, തങ്കച്ചൻ പുതുപറന്പിൽ, ജോബി മാത്രശേരി, ജോർജ് കാരിവേലിൽ, ഷാജി വെള്ളപ്പള്ളിൽ, ജിന്റോ, ബേബി കിഴക്കേൽ, ബെന്നി മന്തപ്പള്ളിൽ, ജേക്കബ് മാറാമറ്റത്തിൽ, വർഗീസ് നെടുംപതാലിൽ, ജോഷി മാത്രശേരി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ഇരട്ടയാർ പാലം അപകടാവസ്ഥയിൽ
ഉടുന്പൻചോല പഞ്ചായത്തിൽ മാവടി – പാറത്തോടുമായി ബന്ധിപ്പിക്കുന്ന ഇരട്ടയാർ പാലം അപകടാവസ്ഥയിലായി. പാലത്തിന്റെ കൽകെട്ടുകൾ തകരുകയും പാലത്തിന്റെ ഇരുവശങ്ങളിലെ റോഡ് ഒലിച്ചുപോവുകയും ചെയ്തു. ഇതുവഴി വാഹനങ്ങൾ കടന്നുവരുന്നത് നിലച്ചു.