എന്ഡിടിവിയുടെ ഓഹരികള് സ്വന്തമാക്കാന് ബാബാ രാംദേവ് ചാനലിന്റെ ഓഹരി ഉടമകളുമായി ചര്ച്ച നടത്തിയെന്ന് റിപ്പോര്ട്ട്്. യോഗാ ഗുരുവും പതഞ്ജലിയുടെ സ്ഥാപകനുമായ ബാബാ രാംദേവിന്റെ പ്രതിനിധികളാണ് ചാനലിന്റെ ഓഹരി ഉടമകളോട് പ്രാഥമികഘട്ട ചര്ച്ചകള് നടത്തിയതെന്നാണ് റിപ്പോര്ട്ട്. എന്നാല് ഇത്തരത്തിലുള്ള യാതൊരു ചര്ച്ചയും നടത്തിയിട്ടില്ലെന്ന് പതഞ്ജലി വക്താവ് ട്വിറ്ററില് കുറിച്ചു. സമീപകാലത്ത് എന്ഡിടിവിയുടെ വരുമാനത്തില് വന് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച മുതിര്ന്ന മാധ്യമ പ്രവര്ത്തകനും എന്ഡിടിവി സഹസ്ഥാപകനുമായ പ്രണോയ് റോയിയുടെ വസതിയും ഓഫീസും അടക്കമുള്ളയിടങ്ങളില് സിബിഐ റെയ്ഡ് നടത്തിയത്.
ഈ അവസരം മുതലാക്കി പലരും എന്ഡിടിവി സ്വന്തമാക്കാന് ശ്രമിക്കുന്നതായാണ് റിപ്പോര്ട്ട്. ഇക്കൂട്ടത്തിലാണ് രാംദേവിന്റെ പേരും കേള്ക്കുന്നത്. ബിജെപിയുമായും നരേന്ദ്ര മോദിയുമായി അടുപ്പമുള്ളയാളാണ് ബാബാ രാംദേവ്. ബിജെപിയുടെ രാഷ്ട്രീയ നയങ്ങളെ ശക്തമായി വിമര്ശിക്കുന്ന ചാനല്, കഴിഞ്ഞ ദിവസം കന്നുകാലി കശാപ്പ് നിയന്ത്രണവുമായി ബന്ധപ്പെട്ട് മോശമായ പരാമര്ശം നടത്തിയതിനു ബിജെപി നേതാവ് സാമ്പിത് പത്രയെ ചാനല് ചര്ച്ചയില് നിന്നു എന്ഡിടിവി എക്സിക്യൂട്ടീവ് എഡിറ്റര് നിധി റസ്ദാല് പുറത്താക്കിയിരുന്നു. ഇതിനിടെയാണ് ബാബാ രാംദേവിലൂടെ ചാനല് പിടിച്ചടക്കാന് ബിജെപി ശ്രമിക്കുന്നതായുള്ള റിപ്പോര്ട്ടുകള് പുറത്ത് വന്നത്.
ഐസിഐസിഐ ബാങ്കില് നിന്നു വായ്പയെടുത്ത 375 കോടിയില് 48 കോടി രൂപ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ആര്ആര്പിആര് എന്ന കമ്പനിയില് ദുരുപയോഗം ചെയ്തെന്ന കേസിലാണു ഡല്ഹിയിലും ഡെറാഡൂണിലുമുള്ള നാലിടങ്ങളില് സിബിഐ റെയ്ഡ് നടത്തിയത്. എന്നാല്, പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് സിബിഐ റെയ്ഡ് നടത്തിയതെന്നും ആര്ആര്പിആറിന്റെ പേരിലുള്ള വായ്പ തിരിച്ചടച്ചതാണെന്നും എന്ഡിടിവി പുറത്തിറക്കിയ പ്രസ്താവനയില് അറിയിച്ചു. സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന എന്ഡിടിവിയുടെ ആരോപണത്തെ പിന്തുണച്ച് കൂടുതല് മാധ്യമ പ്രവര്ത്തകരും രംഗത്തെത്തി.
പ്രണോയ് റോയിയും ഭാര്യയും ഓഹരിയുടമകളുമായ ആര്ആര്പിആര് കമ്പനിയുടെ പേരില് 2008 ഒക്ടോബറിലാണ് 375 കോടി രൂപ വായ്പയെടുത്തത്. ഇതില് ഐസിഐസിഐ ബാങ്കിനു 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എന്നാല്, 2009ല് തന്നെ വായ്പ തിരിച്ചടച്ചതാണെന്നു രേഖകള് സഹിതം എന്ഡിടിവി വിശദമാക്കുന്നു. രാഷ്ട്രീയ പ്രേരിതമായ നടപടിയാണിത്. അന്വേഷണ ഏജന്സികള് തങ്ങളെ വേട്ടയാടുകയാണ്. അടിസ്ഥാനരഹിതമായ പരാതികളുടെയും പഴയ ആരോപണങ്ങളുടെയും പുറത്താണ് ഇപ്പോഴുള്ള റെയ്ഡ്. ഇത് മനഃപൂര്വം ഉപദ്രവിക്കുന്നതിനു വേണ്ടിയാണ്. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുകയും മറികടക്കുകയും രാജ്യത്തിനു വേണ്ടി നിലകൊളളുകയും ചെയ്യുമെന്നും എന്ഡിടിവി വ്യക്തമാക്കുന്നു. അതേസമയം, എന്ഡിടിവിക്കു പിന്തുണയുമായി മുതിര്ന്ന മാധ്യമ പ്രവര്ത്തകര് അടക്കമുള്ളവര് രംഗത്തെത്തി. കേസിന്റെ വിശദാംശങ്ങള് സിബിഐ പരസ്യപ്പെടുത്തണമെന്നും മാധ്യമ പ്രവര്ത്തകര് ആവശ്യപ്പെട്ടു.