പട്ടിക്കാട്: ഭൂമാഫിയയുടെ പ്രതീകാരത്തിൽ വിളഞ്ഞ നെല്ല് വിളവെടുക്കാനാവാതെ വിധവയായ വയോധിക. പുത്തൂർ ഗ്രാമപഞ്ചായത്തിലെ നന്പ്യാർ റോഡിൽ തുളിയാകുന്ന് പാടശേഖരത്തിലാണ് സംഭവം. ഒളരിക്കര കോരപ്പത്ത് വീട്ടിൽ രമാദേവി ടീച്ചറുടെ (65) നെൽകൃഷിയാണ് വിളവെടുക്കാനാവാതെ നശിച്ചുകൊണ്ടിരിക്കുന്നത്.ഭർത്താവ് കോരപ്പത്ത് ഗോപാലൻ നായർ മരിച്ചുപോയതിനുശഷം 60 സെന്റ് സ്ഥലത്ത് നടത്തിവരുന്നത് ടീച്ചറാണ്. 42 വർഷക്കാലമായി ഇവർ കൃഷി നടത്തുന്നു.
തൃശൂർ ഒളരിയിൽ താമസമാക്കിയ ടീച്ചറും കുടുംബവും അവിടെനിന്നും വന്നാണ് കൃഷി കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. എന്നാൽ, പ്രദേശത്ത് ഇവരുടെ കൃഷിയിടത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും കന്നുകാലികളുടെ കടന്നുകയറ്റവും മറ്റു ശല്യങ്ങളും മൂലം വരന്പ് നിർമിച്ച് വേലികെട്ടി. ഇതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. വേലി പൊളിക്കണമെന്ന നിലപാടുമായി ചിലർ രംഗത്തുവന്നു. പിന്നീട് പുത്തൂർ പഞ്ചായത്ത് മെന്പർ ഷാജിയുടെ നേതൃത്വത്തിൽ വന്ന് പുതിയ റോഡ് നിർമിക്കേണ്ടതുകൊണ്ട് വേലി പൊളിക്കണമെന്നും കൃഷിയിടത്തിന്റെ ഒരുഭാഗം സൗജന്യമായി റോഡ് നിർമാണത്തിന് വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ സ്ഥലം വിട്ടു നൽകില്ലെന്നു ടീച്ചർ വ്യക്തമാക്കി. മെന്പർ ഷാജിയും അടുത്തുള്ള ചില കർഷകരും പലയിടങ്ങളിൽവച്ച് എന്നെ ഭീഷിപ്പെടുത്തുകയും പരസ്യമായി അപമാനിക്കുകയും ചെയ്തതായി രമാദേവി ടീച്ചർ പറയുന്നു. തനിക്കെതിരെ പോസ്റ്റർ പ്രചാരണവും നടത്തി. തുടർന്ന് ഒല്ലൂർ പോലീസിൽ പരാതി കൊടുക്കകുയം ക്രിമിനൽ കേസ് എടുത്തിട്ടുള്ളതുമാണ്.
പ്രദേശത്തെ കൃഷികാര്യങ്ങൾ നടത്തിയിരുന്നത് പാടശേഖര കമ്മിറ്റിയാണ്. നെൽകൃഷി നടത്തുവാൻ ഞാറു നട്ടുതരുവാൻ യന്ത്രം വന്നപ്പോൾ പാടശേഖര കമ്മിറ്റി അതിന് തയാറായില്ല. തുടർന്ന് പണിക്കാരെവച്ചാണ് ഞാറുനടീൽ നടത്തിയത്.എന്നാൽ വിളവെടുപ്പിന് യന്ത്രം വന്നപ്പോൾ വിളവെടുത്തുതരുവാനും ഇവർ തയാറായില്ല. പാടശേഖരത്തിലെ എല്ലാവരുടെയും നെല്ല് വിളവെടുത്തു. ടീച്ചറുടെ നെൽകൃഷിമാത്രം വിളിയെടുത്തില്ല. വേലി പൊളിച്ച് സ്ഥലം വിട്ടു നൽകിയാൽ മാത്രമേ ഇതെല്ലാം ചെയ്ത് തരൂ എന്ന നിലപാടിലാണ് അവർ. പാടശേഖര കമ്മിറ്റിയിലെ അംഗം കൂടിയാണ് ടീച്ചർ.
നെല്ല് വിളവെടുക്കാനാകാതെ ഏകദേശം 50,000 രൂപയോളം നഷ്ടം വന്നതായി ടീച്ചർ പറയുന്നു. കർഷക സംഘവും സിപിഎം നേതൃത്വവും സിപിഎം വാർഡ്മെന്പറും നിരന്തരമായി തന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്നും ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ടീച്ചർ പറഞ്ഞു. നെൽകൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന് പരാതി നൽകിയിട്ടുണ്ട്. – See more at: