കൂട്ടത്തിലൊരാളെ തിന്ന മുതലകളോട് ഗ്രാമവാസികള്‍ ചെയ്ത പ്രതികാരം അല്പം കടുത്തുപോയി. യുവാവിനെ മുതല തിന്ന ദേഷ്യത്തില്‍ 300 മുതലകളെയാണ് ഗ്രാമവാസികള്‍ നിര്‍ദ്ദയം കൊന്നൊടുക്കിയത്.
ഇന്‍ഡോനേഷ്യയിലെ പശ്ചിമപപ്പുവ ഗ്രാമത്തിലായിരുന്നു സംഭവം.ശ്ചിമപപ്പുവയിലുള്ള സൊരംഗിലെ ഫാക്ടറി ജീവനക്കാരന് സുഗിറ്റ എന്നയാളെയാണ് മുതല ശനിയാഴ്ച കടിച്ചുകൊന്നത്. കന്നുകാലികളെ മേയ്ക്കാനായി സ്വകാര്യ മുതലഫാമിന്റെ അടുത്തു പോയതാണ് സുഗിറ്റ. അപ്രതീക്ഷിതമായാണ് മുതലയുടെ ആക്രമണമുണ്ടായത്. നിലവിളികേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല.
നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന സുഗിറ്റയുടെ അപ്രതീക്ഷിതമായ വിയോഗം ജനങ്ങളെ രോക്ഷാകുലരാക്കി. രോഷം മുഴുവന്‍ തീര്‍ത്തത് മുതലകളോടായിരുന്നു. മൂര്‍ച്ചയേറിയ ആയുധങ്ങളും വടവുമായി ജനക്കൂട്ടി മുതല ഫാമില്‍ ഇരച്ചെത്തി. മുതലകളെ ഓരോന്നായി വെട്ടിയും നിലത്തടിച്ചും ദേഷ്യം തീരുന്നതുവരെ കൊന്നുതള്ളി. ജനരോക്ഷം അടങ്ങിയപ്പോഴേക്കും ഗ്രാമത്തില്‍ അടിഞ്ഞത് 300 മുതലകളുടെ ജഡം.
പോലീസ് എത്തിയെങ്കിലും ജനരോക്ഷം തണുപ്പിക്കാനായില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടുകൂടി തന്നെയാണ് ഫാം പ്രവര്‍ത്തിച്ചിരുന്നത്. നിയമം ലംഘനം നടത്തിയെന്ന് പരാതിപ്പെട്ടെങ്കിലും ആരൊക്കെയാണ് മുതലകളെ കൊന്നുതള്ളിയതെന്ന് കൃത്യമായി അറിയാത്തതിനാല്‍ പൊലീസ് നടപടികളൊന്നുമെടുത്തിട്ടില്ല.