കൽപ്പറ്റ: മണിയങ്കോട് വിസ്പർ വുഡ് റിസോർട്ടിന്റെ നടത്തിപ്പുകാരൻ സുൽത്താൻ ബത്തേരി തൊവരിമല കൊച്ചുവീട്ടിൽ നെബു വിൻസെന്റ്(52)ന്റെ കൊലപാതകിയെ പോലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി ഹൗസിംഗ് കോളനി ജയ നിവാസ് രാജു(60)വിനെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.
രാജുവിന്റെ കൂടെയുണ്ടായിരുന്ന കൊളഗപ്പാറ ആവയൽ സ്വദേശി അനിലിനെതിരെയും കേസെടുത്തു. ഇയ്യാൾ കൃത്യം നടക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. രാജുവിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നെബുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
രാജുവും സുഹൃത്ത് അനിലും കഴിഞ്ഞ ദിവസം രാത്രി റിസോർട്ടിലെത്തി നെബുവുമായി വാക്കേറ്റം നടക്കുകയും തുടർന്ന് നെബുവിനെ രാജു കുത്തുകയുമായിരുന്നു. ഇതിനായി രാജുവിനെ അനിൽ സഹായിക്കുകയും ചെയ്തു. കൃത്യം നടത്തുന്നതിനിടെ അനിലിന്റെ കൈക്ക് മുറിവേൽക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയ്യാൾ പോലീസിന്റെ നിരീക്ഷണത്തിൽ ചികിത്സയിലാണ്.
രാജുവിന്റെ സ്വകാര്യ ജീവിതത്തിൽ നെബു കാരണം പ്രശ്നങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് കൊലപാതകം നടന്നത്. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കും. മീനങ്ങാടി പോലീസ് ഇൻസ്പെക്ടർ പളനിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. റിസോർട്ടിലെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച നടത്തിയ പരിശോധനയിലും ജീവനക്കാരുടെ മൊഴികളുമാണ് പ്രതികളെ വേഗം പിടികൂടാൻ സഹായകമായത്.