അമ്പലപ്പുഴ: വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ താലിമാല കവർന്നു. മറ്റൊരു വീട്ടിൽ മോഷണ ശ്രമം. തകഴി സ്മാരകത്തിന് തെക്ക് മുരുകാലയത്തിൽ വിജയകുമാറിന്റെ ഭാര്യ പ്രസന്നകുമാരിയുടെ രണ്ടരപവൻ തൂക്കം വരുന്ന മാലയാണ് കവർന്നത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. അടുക്കള വാതിലിന്റെ പുട്ടു പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന പ്രസന്നകുമാരിയുടെ മാല കവരുകയായിരുന്നു.
ശബ്ദം കേട്ട് ഉണർന്നപ്പോൾ മോഷ്ടാവ് ഓടിപ്പോകുന്നതാണ് കണ്ടതെന്ന് പ്രസന്നകുമാരി പറഞ്ഞു.എല്ലാ മുറിയിലും മോഷ്ടാവ് കയറി.
അലമാരയും മേശയും കുത്തിത്തുറന്ന് ഇതിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പഴ്സും ഇതിൽ സൂക്ഷിച്ചിരുന്ന നാണയങ്ങളും അടുക്കള വാതിലിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു.
കനത്ത മഴയായതിനാൽ വാതിൽ തകർക്കുന്ന ശബ്ദം വീട്ടുകാർ കേട്ടിരുന്നില്ല. ഇതിനു സമീപം തകഴി ക്ഷേത്രത്തിനു വടക്ക് അടിമനയില്ലത്ത് മാധവൻ നമ്പൂതിരിയുടെ വീട്ടിൽ മോഷണ ശ്രമവും നടന്നു.
പിൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടത്.
ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പരാതി നൽകിയതിനെത്തുടർന്ന് ഇരുവീട്ടിലും അമ്പലപ്പുഴ പോലീസും ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.