ആലുവ: വാഹന പരിശോധനവ്യാപകമായതോടെ ലഹരിക്കടത്തിന് പുതിയ മാർഗങ്ങൾ തേടി മാഫിയ.
കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കേരളത്തിലെത്തിക്കാൻ കൊറിയർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയാണിപ്പോൾ.
ഇത്തരത്തിൽ ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ മാറമ്പിള്ളി എംഇഎസ് കോളജിനു സമീപം കുന്നുവഴിയിലെ ഡിടിഡിസി കൊറിയർ സ്ഥാപനത്തിലെത്തിയ 31 കിലോ കഞ്ചാവാണ് പോലീസ് ഇന്നലെ പിടികൂടിയത്.
വസ്ത്രങ്ങൾ എന്ന വ്യാജേന മാറമ്പിള്ളി സ്വദേശിയുടെ വിലാസത്തിൽ ആന്ധ്രയിൽനിന്ന് അയച്ച പാഴ്സലുകൾ വാങ്ങാനെത്തിയ മാറമ്പിള്ളി എംഇഎസ് കോളജ് റോഡിൽ പത്തനായത്ത് അർഷാദ്, കോതമംഗലം തെങ്ങളം കാരോട്ടു പുത്തൻപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് മുനീർ എന്നിവരാണ് പിടിയിലായത്.
ഇവരുടെ പേരിലല്ല കൊറിയർ വന്നിരുന്നത്. വ്യജ വിലാസമാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
കോളജുകൾ കേന്ദ്രീകരിച്ച് വിൽപന നടത്താൻ ചെറിയ പൊതികളാക്കി മൂന്നു വലിയ കവറുകളിലാണ് കഞ്ചാവെത്തിയത്.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന് രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് പ്രത്യക സംഘം കൊറിയർ സ്ഥാപനവും പരിസരവും നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ രാവിലെ കാറിൽ പാഴ്സൽ വാങ്ങാനെത്തിയതോടെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യപ്രതിയുടെ വീടിന് സമീപത്തുള്ള കോളേജിന്റെ പരിസരത്ത് ലഹരി ഉപയോഗം വ്യാപകണമെന്ന പരാതി നേരത്തെയുയർന്നിരുന്നതാണ്.
വിദ്യാർഥികളെ ലക്ഷ്യംവച്ചാണോ കഞ്ചാവെത്തിച്ചതെന്ന് പരിശോധിക്കുന്നുണ്ട്. പിടിയിലായവർക്ക് സമാന രീതിയിൽ കഞ്ചാവെത്തിയിട്ടുണ്ടോയെന്നും ആന്ധ്രയിൽ നിന്നും പാഴ്സൽ അയച്ചതിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കും.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി സക്കറിയ മാത്യു, ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ് അംഗങ്ങള്‍, പെരുമ്പാവൂര്‍ ഇൻസ്പെക്ടർ രഞ്ജിത്തുമടങ്ങിയ സംഘമാണ് വൻ കഞ്ചാവ് വേട്ട നടത്തിയത്.
കൊറിയർ വഴി കഞ്ചാവുകടത്ത് പിടികൂടുന്നത് ആദ്യമായിട്ടാണെന്ന് പോലീസ് പറയുന്നു.
ആന്ധ്രയിലെ മാവോയിസിറ്റ് മേഖലകളിൽനിന്നു കിലോക്കണക്കിനു കഞ്ചാവാണ് കേരളത്തിലെത്തിയിരുന്നത്.
നേരത്തേ അങ്കമാലിയിൽ നിന്ന് 105 കിലോയും ആവോലിയിലെ വാടകവീട്ടിൽനിന്ന് 35 കിലോ കഞ്ചാവും പോലീസ് പിടികൂടിയിരുന്നു.
കഞ്ചാവിനു പുറമേ മാരക മയക്കുമരുന്നുകളും വിതരണക്കാരും നാട്ടിൻ പുറങ്ങളിൽവരെ വ്യാപകമായതോടെ കർശന നിരീക്ഷണത്തിലാണ് പോലീസും എക്സൈസും.