നെടുമ്പാശേരി: കുപ്പികളിൽ നിറച്ച ജ്യൂസിൽ ദ്രവരൂപത്തിൽ ആക്കിയ സ്വർണം കലർത്തിയുള്ള കള്ളക്കടത്ത് വ്യാപകമാകുന്നതായി രഹസ്യ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
ഈ വിധത്തിൽ നടത്തിയ സ്വർണ കള്ളക്കടത്ത് ഇന്ത്യയിൽ ആദ്യമായാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പിടികൂടിയത്.
കുപ്പിയിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവകരൂപത്തിൽ കലർത്തിയ 2 .5 കിലോഗ്രാം സ്വർണമാണ് കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽനിന്നു പിടിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രോളികളിൽ കയറ്റി ധാരാളം ജ്യൂസ് കുപ്പികൾ വിദേശത്തുനിന്ന് വരുന്നവർ പുറത്തേക്ക് കൊണ്ടുപോകുന്നത് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു.
കുപ്പികളിൽ നിറച്ച ജ്യൂസുകളിൽ കലർത്തി കൊണ്ടുവരുന്ന സ്വർണം കണ്ടെത്താൻ വിമാനത്താവളങ്ങളിൽ സംവിധാനങ്ങൾ ഇല്ല.
യാത്രക്കാരനെ സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിൽ സംശയം തോന്നിയ ആറ് ബോട്ടിൽ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
ഇന്ത്യയിൽ വിമാനത്താവളങ്ങൾ വഴി ഈ വിധത്തിൽ സ്വർണ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന നിഗമനത്തിൽ മേൽനടപടികൾ സ്വീകരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയതായി അറിയുന്നു.