നെടുമങ്ങാട്: പൊതു നിരത്തുകളിൽ യാത്രക്കാർക്ക് മാർഗതടസം സൃഷ്ട്ടിക്കുന്ന രീതിയിൽ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കരുതെന്ന ഉത്തരവ് കാറ്റിൽ പറത്തി നെടുമങ്ങാട്ടും പരിസരത്തും ഫ്ലക്സ് ബോർഡുകൾക്കൊണ്ടു നിറയുന്നു. സർക്കാർ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെയും ,മന്ത്രിമാരുടെയും,എംഎൽഎയുടെയും,നഗരസഭാ ചെയർമാന്റേയും ഫോട്ടോ പതിച്ച ബോർഡുകൾളാണ് നെടുമങ്ങാട്ടെ നിരത്തുകൾ കൈയടക്കിയിരിക്കുന്നത്.
നെടുമങ്ങാട് കോടതിയുടെ മുന്നിൽ ഫുട്പാത്തിൽ കൂറ്റൻ ഫ്ലക്സ് ബോർഡു സ്ഥാപിച്ചതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇവിടെ അയ്യപ്പത്താവളം കെട്ടി മിനുറ്റുകൾക്കകം നഗരസഭാ ചെയർമാനും ഭരണകഷിയുടെ നേതാവും പ്രവർത്തകരുമായി നേരിട്ടെത്തി പോലീസിനെക്കൊണ്ട് അയ്യപ്പത്താവളം പൊളിച്ചിരുന്നു.
കോടതി വിധി നിലവിലുണ്ടെന്നും കോടതിയുടെ മുന്നിൽ ഇനി ബോർഡുകളും കൊടിതോരണങ്ങളും സ്റ്റേജും സ്ഥാപിക്കാൻ അനുവദിക്കില്ലായെന്നാണ് അന്ന് നഗരസഭയും പോലീസും പറഞ്ഞ ന്യായം . സ്വാതന്ത്യ സമരസേനാനിയായ പൊന്നറ ശ്രീധറിന്റെ പാർക്ക് ലക്ഷങ്ങൾ മുടക്കി നഗരസഭ നവീകരിച്ചതിനുശേഷം പാർക്കിനു ചുറ്റും സ്ഥാപിച്ചിരുന്ന ബോർഡുകളും തോരണങ്ങളും നഗരസഭ നീക്കം ചെയ്തിരുന്നു .
പാർക്കിനു ചുറ്റും ബോർഡുകളും തോരണങ്ങളും സ്ഥാപിക്കാൻ അനുവദിക്കില്ലായെന്നായിരുന്നു നഗരസഭാ ചയർമാന്റെ പ്രഖ്യാപനം .എന്നാൽ പൊന്നറപാർക്കിനു ചുറ്റം ജനത്തിരക്കേറിയ റോഡ് കൈയേറി ഫ്ലക്സ് ബോർഡുകൾ നിറഞ്ഞത് അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപണമുണ്ട്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ റോഡിനു സമീപത്ത് വ്യാപാരികൾ സ്ഥാപിച്ചിരുന്ന ബോർഡുകൾ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു . നഗരസഭ അധികൃരുടെ ഇരട്ടത്താപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് .