റിയാസ് കുട്ടമശേരി
ആലുവ:അന്താരാഷ്ട്ര സ്വർണക്കടത്ത് മാഫിയയുടെ വ്യോമ ഭൂപടത്തിലെ പ്രധാന വിമാനത്താവളമായി നെടുമ്പാശേരിയും മാറുന്നു. ദുബായിയിൽ നിന്നും പറന്നിറങ്ങുന്ന സ്വർണം കൊച്ചി വഴിയെത്തുന്നതാകട്ടെ കൊടുവള്ളിയിലേക്കാണ്.
ഇത് തട്ടിയെടുക്കാൻ കരിപ്പൂർ മോഡൽ ക്വട്ടേഷൻ സംഘവും നെടുമ്പാശേരി കേന്ദ്രീകരിച്ച് സജീവം. രണ്ടു മാസം മുമ്പ് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണമാണ് കൊടുവള്ളി സ്വർണക്കടത്ത് സംഘവുമായുള്ള ഇവരുടെ ബന്ധത്തിന്റെ സൂചനകൾ പുറത്തു കൊണ്ടുവരുന്നത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി പോലീസിനാണ് ഈ കേസിന്റെ അന്വേഷണ ചുമതല.
സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊടുവള്ളിയിലേക്ക് കൊണ്ടുവന്ന സ്വർണ്ണം കവരാനാണ് വിമാനയാത്രികനെ തട്ടിക്കൊണ്ട് പോയതെന്ന നിഗമനത്തിലാണ് പോലീസ്.
എന്നാൽ ആളുമാറി തട്ടിക്കൊണ്ടു പോയ താജു തോമസ് എന്നയാളെ ക്വട്ടേഷൻ സംഘം പിന്നീട് പെരുമ്പാവൂരിലെ ലോഡ്ജിൽ ഉപേക്ഷിക്കുകയായിരുന്നു.
കൊടുവള്ളി സ്വർണത്താവളം
സിപിഎം പാർട്ടി നേതൃത്വം വരെ പ്രതിക്കൂട്ടിലായ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിന്റെ അന്വേഷണവും കൊടുവള്ളി മാഫിയയുമായി ബന്ധപ്പെട്ടാണ് മുന്നോട്ടു പോകുന്നത്.
കേസിൽ കണ്ണൂർ, ചെര്‍പ്പുള്ളശേരി, കൊടുവള്ളി സംഘങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കോഴിക്കോട് സ്വദേശിയായ മുഖ്യ പ്രതി സൂഫിയാൻ ഇന്നലെ അറസ്റ്റിലായിരുന്നു.
നെടുമ്പാശേരി വിമാനത്താവളം വഴിയടക്കം കൊടുവള്ളി സംഘം കടത്തിയ സ്വർണ ഇരുപത്തഞ്ചോളം തവണ മറ്റൊരു പ്രധാന പ്രതിയായ അർജുൻ ആയങ്കി നേതൃത്വം നൽകുന്ന സംഘം തട്ടിയെടുത്തതായി സുഫിയാൻ മൊഴി നൽകിയിട്ടുണ്ട്. ഇവരുമായി കോഴിക്കോട് സ്വദേശി നേതൃത്യം നൽകുന്ന കൊച്ചി സംഘത്തിനുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കും.
സംസ്ഥാനത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി കേന്ദ്രമാക്കിയുള്ള മാഫിയയുടെ നെടുമ്പാശേരിയിലേതടക്കമുള്ള മുന്‍ കേസുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പഴയ കേസുകള്‍ ആദ്യം അന്വേഷിക്കാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.ഇതിൽ കൊലപാതകം, ദുരൂഹ മരണം, തട്ടിക്കൊണ്ട് പോകല്‍ കേസുകൾക്കാണ് പ്രഥമ പരിഗണന.
നെടുമ്പാശേരിയിൽ സംഭവിച്ചത്
കഴിഞ്ഞ ഏപ്രിൽ 18ന് നെടുമ്പാശേരി അന്താരാഷ്ട്ര ടെർമിനലിൽ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്.
സ്വർണവുമായി എത്തുന്ന കാരിയറെന്ന് തെറ്റിദ്ധരിച്ചായിരുന്നു തട്ടിക്കൊണ്ടു പോകൽ. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജിൽ നിന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.
വിമാനത്താവളത്തിനു പുറത്തിറങ്ങുന്നത് കാത്തുനിന്ന രണ്ട് പേര് താജു തോമസ് വിളിച്ച പ്രീപെയ്ഡ് ടാക്സിയിൽ ബലമായി കയറി. പിന്നീട് വിമാനത്താവളത്തിനു പുറത്തെ പെട്രോള്‍ പമ്പിനു സമീപത്ത് വച്ച് അഞ്ചോളം കാറുകളിലായി എത്തിയ സംഘം ടാക്സി തടഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ആദ്യം പിടിയിലാകുന്നത് ഇബ്രൂ
സംഭവത്തില്‍ ആദ്യം നെടുമ്പാശേരി പോലീസിന്റെ പിടിയിലാകുന്നത് മുഖ്യ സൂത്രധാരനാണ്. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലുൾപ്പെട്ടിരുന്നയാളാണ്.
ഇബ്രൂവിന്റെ മൊഴി പ്രകാരമുള്ള അന്വേഷണമാണ് കൊടുവള്ളി കേന്ദ്രമാക്കിയ സ്വർണക്കടത്ത് സംഘത്തിലേക്കെത്തിച്ചത്.
കൂടുതല്‍ പേര് കുടുങ്ങി
ദിവസങ്ങൾക്കകം സംഭവത്തില്‍ എട്ട് പേർ കൂടി കുടുങ്ങി.ആലുവ കമ്പനിപ്പടി കോട്ടക്കകത്ത് വീട്ടിൽ ഔറാംഗസീബ്,മാഞ്ഞാലി സ്വദേശികളായ താണിപ്പാടം ചന്തതോപ്പിൽ വീട്ടിൽ ഷിറിൽ, ചൂളക്കപ്പറമ്പിൽ വീട്ടിൽ ഷംനാസ്, മാവിൻ ചുവട് ചെറുപറമ്പിൽ മുഹമ്മദ് സാലിഹ്, കണ്ടാരത്ത് വീട്ടിൽ അഹമ്മദ് മസൂദ്, മാവിൻ ചുവട് മണപ്പാടത്ത് വീട്ടിൽ സക്കീർ, ആലങ്ങാട്ട് വീട്ടിൽ കംറാൻ എന്ന് വിളിക്കുന്ന റയ്സൽ, വലിയ വീട്ടിൽ റിയാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കാര്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2019 ല്‍ മുബാറക്ക് എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായ മുഹമ്മദ് സാലിഹും, അഹമ്മദ് മസൂദും. കേസിലെ മറ്റൊരു പ്രതിയായ ഔറാംഗസീബ് കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയുമാണ്.
പ്രതികളുടെ പൂര്‍വകാല പശ്ചാത്തലം പരിശോധിച്ച് കാപ്പയുള്‍പ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് റൂറൽ പോലീസ്.
അന്വേഷണം അവസാനഘട്ടത്തിലേക്ക്
കോഴിക്കോട് കുന്നമംഗലം പൈങ്ങോട്ട്പുരം പുതിയോട്ടില്‍ യാസര്‍ മനാഫ്, മാലാകഴിയിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖ്, മലപ്പുറം വള്ളിക്കുന്ന് താഴത്തുവീട്ടിൽ അഭിലാഷ് എന്നിവർ കൂടി പിടിയിലായതോടെ റൂറൽ പോലീസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. ഇവരാണ് തട്ടിക്കൊണ്ടു പോകൽ സംഭവത്തിന്റെ സൂത്രധാരൻമാർ.
സ്വർണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും പോലിസിന് ലഭിക്കുന്ന വിവരം.സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന് ആളുമാറി താജു തോമസിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഇവർ കാത്തു നിന്ന യഥാർഥ കാരിയറിനെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. ഒടുവിൽ പിടിയിലായവർക്കാണ് ഷാർജയിൽ നിന്നും സ്വർണവുമായി ഒരാൾ നെടുമ്പാശേരിയിൽ വരുന്നുണ്ടെന്ന് വിവരം ലഭിച്ചത്. കൊച്ചിയിൽ നിന്നും കൊടുവള്ളി സംഘത്തിന് കൈമാറാനായി കൊണ്ടുവരുന്ന സ്വർണം തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതും, അതിനാവശ്യമായ സാമ്പത്തികം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറസ്റ്റിലായ പ്രതികളിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.
ആലുവ ഡിവൈഎസ്പി ടി.എസ്. സിനോജ്, നെടുമ്പാശേരി സിഐ ടി. ശശികുമാര്‍ എന്നിവരും ഡാൻസാഫ് ടീമും അന്വേഷണ സംഘത്തിലുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശേരി തട്ടിക്കൊണ്ടു പോക്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് റൂറൽ എസ് പി കെ.കാർത്തിക് രാഷ്ട്രദീപികയോട് പറഞ്ഞു.