നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ മയക്കുമരുന്ന് വേട്ട കേസുമായി ബന്ധപ്പെട്ട്. നാല് പ്രതികള്‍ കൂടി കസ്റ്റംസിന്റെ പിടിയിലായി. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 1.6 കിലോഗ്രാം ഹാഷിഷുമായി മലപ്പുറം കൂനോൽമാട് പുത്തൂർപളളിക്കൽ പട്ടയിൽ വീട്ടിൽ മുബാഷർ(22) ആണ് കഴിഞ്ഞ ജനുവരി 27 ന് നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായിരുന്നത്.
ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഹാഷിഷിന് ഒന്നര കോടിയിലേറെ രൂപ വില വരും. ഇതു വിദേശത്ത് എത്തുന്നതോടെ വില പതിന് മടങ്ങായി വര്‍ധിക്കും. മയക്കുമരുന്ന് പൊതികളിലാക്കി ബാഗേജില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബാഗേജ് പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റംസിന് കൈമാറുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ മയക്കുമരുന്ന് കടത്തിന്റെ കാരിയര്‍ മാത്രമാണെന്ന് വ്യക്തമായിരുന്നു. കേസിന്റെ തുടരന്വേഷണത്തിലാണ് നാല് പ്രതികള്‍ കൂടി കസ്റ്റംസ് അന്വേഷണ വിഭാഗത്തിന്റെ വലയിലായത്.
സംസ്ഥാനത്ത് നിന്നും വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിന്റെ പ്രധാന കണ്ണികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. മറ്റു കേസുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമാകുന്നതിന് വേണ്ടി പിടിയിലായ ഓരോരുത്തരെയും പ്രത്യേകമായി ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഉണ്ടാകുമെന്ന് വ്യക്തമായതോടെ ഇതില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചിരുന്നു.
തുടര്‍ന്നു നാല് പ്രതികളും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇതിനിടെ ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അതും വിജയിച്ചില്ല. ഈ കേസില്‍ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികളും കസ്റ്റംസ് വിഭാഗം ആരംഭിച്ചിട്ടുണ്ട്.