നെടുങ്കണ്ടം: എൽകെജി വിദ്യാർഥിനിയായ മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ കാത്തുനിന്ന പിതാവിനെ നെടുങ്കണ്ടം സിഐ അപമാനിക്കുകയും ഇരുചക്ര വാഹനം കസ്റ്റഡിയിലെടുത്തതായും പരാതി.
മകൾക്ക് വാങ്ങിയ പലഹാരങ്ങൾ സിഐ റോഡിൽ എറിഞ്ഞുനശിപ്പിച്ചതായും പറയുന്നു. നെടുങ്കണ്ടം കുമ്മനത്തുചിറയിൽ ഫിലിപ്പ് ഏബ്രഹാമി (പ്രിൻസ് – 29) നെയാണ് സിഐ സി. ജയകുമാർ അപമാനിച്ചതായി പറയുന്നത്.
സംഭവത്തെക്കുറിച്ച് ഫിലിപ്പ് പറയുന്നതിങ്ങനെ:
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30-നു സ്കൂളിൽനിന്നും മകൾ എത്തുന്നതുംകാത്ത് നെടുങ്കണ്ടം വിഎച്ച്എസ്ഇ സ്കൂളിന്റെ മുൻവശത്തിരിക്കുകയായിരുന്നു.
സ്കൂൾ വിട്ടെത്തുന്ന മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ എല്ലാദിവസവും ഇവിടെ കാത്തിരിക്കുന്നതാണ്. ഇന്നലെ സുഹൃത്തിന്റെ ബൈക്കെടുത്താണ് എത്തിയത്.
ഈസമയം നെടുങ്കണ്ടം സിഐ സി. ജയകുമാർ സ്ഥലത്തെത്തി വാഹനത്തിലിരുന്ന് എന്തോ പറഞ്ഞു.
ചോദ്യം കേൾക്കാൻ കഴിയാത്തതിനാൽ എന്താണ് ചോദിച്ചതെന്ന് ഫിലിപ്പ് സിഐയോട് ആരാഞ്ഞപ്പോൾ ക്ഷുഭിതനായ സിഐ വാഹനത്തിൽനിന്നും പുറത്തിറങ്ങി മകൾക്ക് വാങ്ങിയ പലഹാരങ്ങൾ റോഡിലെറിഞ്ഞു നശിപ്പിച്ചു.
ഇതിനുശേഷം സ്റ്റേഷനിൽനിന്നും പോലീസുകാരനെ എത്തിച്ച് ഫിലിപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ രേഖകൾ അടക്കം സിഐയെ കാണിച്ചെങ്കിലും സിഐ വാഹനം തിരികെനൽകാൻ തയാറായില്ല.
സംഭവത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്കും കോടതിക്കും പരാതി നൽകുമെന്ന് ഫിലിപ്പ് പറഞ്ഞു.
എന്നാൽ, ഇന്നലെ സമീപത്തെ സ്കൂളിൽ എസ്പിസി മീറ്റിംഗിൽ പങ്കെടുക്കാനാണ് എത്തിയതെന്നും സ്കൂൾ പരിസരത്ത് ഇരുചക്ര വാഹനങ്ങളിലെത്തി തന്പടിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് സ്കൂൾ പിടിഎ പരാതി പറഞ്ഞിരുന്നതായും സിഐ സി. ജയകുമാർ പറയുന്നു.
എസ്പിസി പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ സ്കൂൾ പരിസരത്ത് ഹെൽമറ്റ് വയ്ക്കാതെ എത്തിയതു ചോദ്യംചെയ്യുക മാത്രമാണുണ്ടായത്. വാഹനത്തിന്റെ രേഖകളും ഉണ്ടായിരുന്നില്ല. ഇതേതുടർന്നാണ് വാഹനം ബന്തവസിലെടുത്തത്.
ഫിലിപ്പ് കുട്ടിയുമായി വീട്ടിലേക്കു പോകുന്നതു സ്കൂൾ അധികൃതരടക്കം കണ്ടിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു.