നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന്റെ വാദങ്ങളെ ആകെ പൊളിക്കുന്നത്.നിര്‍ണായക തെളിവുകളാണ് ഈ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെയാണ് കോലാഹലമേട് സ്വദേശി മരിച്ചത്. ഇയാള്‍ മരിച്ചത് ന്യൂമോണിയ മൂലമല്ല, മര്‍ദ്ദനമേറ്റാണെന്ന് കണ്ടെത്തി. പൊലീസ് സ്റ്റേഷനില്‍ നടന്ന കടുത്ത മൂന്നാംമുറയില്‍ കുമാറിന്റെ വൃക്കകള്‍ അടക്കം തകരാറിലായി. ഉരുട്ടിക്കൊല എന്ന സംശയിക്കാവുന്ന 22 പുതിയ പരുക്കുകള്‍ കണ്ടെത്തി.
അതേസമയം, കേസില്‍ പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റിമാന്‍ഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്കുന്നതില് ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. എത്ര സാക്ഷികള്‍ വന്നാലും സാഹചര്യതെളിവുകള്‍ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഹൈക്കോടതി മജിസ്ട്രേറ്റിന്റെ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാജ്കുമാറിനെ ഹാജരാക്കിയപ്പോള്‍ പൊലീസ് മര്‍ദനത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നോ എന്ന് നാളെ രാവിലേക്കകം റിപ്പോര്‍ട്ട് നല്‍കണം.
എസ് ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കേസ് അന്വേഷണം പക്ഷപാതപരം ആണെന്നും കേസില്‍ ഒരു പാട് കണ്ണികള്‍ വിട്ടുപോയിട്ടുണ്ട് എന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡി മരണം ഇല്ലാതാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണ്. 35 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
കാലുകള്‍ വലിച്ചകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ കണ്ടെത്തലുകളോടെ, കേസില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്. ആദ്യം പോസ്റ്റ്മോര്‍ട്ടം ചെയ്ത പൊലീസ് സര്ജന് ഉള്‍പ്പെടെയുള്ളവര്‍ വകുപ്പുതല നടപടി നേരിടേണ്ടി വരും. ആദ്യ പോസ്റ്റ്മോര്‍ട്ടത്തെക്കാള്‍ കൂടുതല്‍ മുറിവുകള്‍ കുമാറിന്റെ മൃതദേഹത്തില്‍ ഉണ്ടെന്നും ചതവുകളാണ് ഏറെയുമെന്നാണു കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പറഞ്ഞത്.
കുമാറിന്റെ മൃതദേഹം, കോട്ടയം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം അസി. പ്രഫസറും പിജി വിദ്യാര്‍ത്ഥിയും ചേര്‍ന്നാണ് ആദ്യം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അയയ്ക്കാത്തതും വിമര്‍ശനത്തിനിടയാക്കി. തുടര്‍ന്നാണു വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ജുഡീഷ്യല്‍ കമ്മിഷന് ഉത്തരവിട്ടത്. നാലു മുതിര്‍ന്ന പൊലീസ് സര്ജന്മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. മൃതദേഹം സംസ്കരിച്ച വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ സെമിത്തേരി വളപ്പില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനാണു തീരുമാനിച്ചിരുന്നതെങ്കിലും ജുഡീഷ്യല്‍ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
റീ പോസ്റ്റ്മോര്‍ട്ടത്തിനൊപ്പം ആദ്യ പോസ്റ്റ്മോര്‍ട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങളും കമ്മിഷന് പരിശോധിക്കും. കസ്റ്റഡി മരണക്കേസില്‍ മുന്‍ നെടുങ്കണ്ടം എസ്ഐ ഉള്‍പ്പെടെ 7 പേരെയാണു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കി മുന്‍ എസ്പി, കട്ടപ്പന മുന്‍ ഡിവൈഎസ്പി എന്നിവരുടെ പങ്ക് സംബന്ധിച്ച്, അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ എല്ലാവരും മൊഴി നല്‍കിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.
ലോക്കപ്പ് മര്‍ദ്ദനങ്ങളില്‍ സമാനതകളൊന്നുമില്ലാത്ത ക്രൂരതയാണ് രാജ് കുമാറിന് നേരിടേണ്ടി വന്നത്. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞു. കാലിനും ശരീരത്തിന്റെ പലഭാഗത്തും മര്‍ദനമേറ്റു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് മരിച്ചത്. എന്നാല്‍, മരണകാരണം ഇതല്ല. ന്യൂമോണിയയിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം നിയമസഭയില്‍ പൊലീസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ വാര്‍ഷികദിനത്തില്‍ കസ്റ്റഡിമരണത്തിന്റെപേരില്‍ നിയമസഭയില്‍ മറുപടി പറയേണ്ടിവരുന്നത് വിധിവൈപരീത്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ വരാപ്പുഴയിലും മറ്റും പൊലീസിനെ പിന്തുണച്ച സര്‍ക്കാര്‍ തന്നെയാണ് ഈ കൊലയിലും പ്രതിസ്ഥാനത്ത്.