‘തൃശൂർ: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരായ ആരോപണങ്ങളിൽ കഴന്പില്ലെന്നു ഹൈക്കോടതി രജിസ്ട്രാറുടെ മറുപടി. പരാതിയിൽ രഹസ്യാന്വേഷണം നടത്തിയതായും വീഴ്ചകളൊന്നും കണ്ടെത്താത്ത സാഹചര്യത്തിൽ പരാതി തീർപ്പായതായും കത്തിൽ പറയുന്നു.
വിവരാവകാശ പ്രവർത്തകനും മണ്ണുത്തി നേർക്കാഴ്ച സമിതി സെക്രട്ടറിയുമായ പി.ബി. സതീഷിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കസ്റ്റഡി മരണക്കേസിൽ ഇടുക്കി ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു വീഴ്ച സംഭവിച്ചെന്നു നേരത്തെ തൊടുപുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് റിപ്പോർട്ട് നല്കിയിരുന്നു.
മജിസ്ട്രേറ്റിനു പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചതായി കാണുന്നില്ലെന്നും, എന്നാൽ കുറേക്കൂടി ജാഗ്രത ആകാമായിരുന്നുവെന്നും ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറും നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സതീഷ് നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്കിയിരുന്നു. ഇതിനെതുടർന്ന് പരാതി ഹൈക്കോടതി രജിസ്ട്രാർക്കു കൈമാറുകയായിരുന്നു.