സീമ മോഹൻലാൽ
കൊച്ചി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കുമാറിന്റെ(രാജ്കുമാർ) അറസ്റ്റ് വിവരങ്ങൾ പുതുതായി ചേർത്തുകൊണ്ട് പോലീസ് വെബ്സൈറ്റ്. ’നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ അറസ്റ്റ് വിവരങ്ങൾ പോലീസ് സൈറ്റിൽ ഇല്ല’ എന്ന വാർത്ത 2019 ഓഗസ്റ്റ് 26നു രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ജൂണ്‍ 12-ന് ഇയാളെ അറസ്റ്റു ചെയ്ത വിവരങ്ങൾ പോലീസിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. എന്നു മാത്രമല്ല നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ഒരു അറസ്റ്റു വിവരം പോലും വെബ്സൈറ്റിൽ ഉണ്ടായിരുന്നില്ല. ഇടുക്കി പോലീസ് ജില്ലയിലെ 2019 ജൂണ്‍ രണ്ടു മുതൽ 22 വരെയുള്ള അറസ്റ്റു വിവരങ്ങൾ പരിശോധിച്ചതിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ കോട്ടയം സ്വദേശി കെ.ജെ.ജോസ് പ്രകാശ് ഡിജിപിക്കയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു.രാഷ്ട്രദീപിക വാർത്ത വന്നതിനുശേഷമാണ് പോലീസിന്റെ ഒൗദ്യോഗിക വെബ് സൈറ്റിൽ ( kerala police.gov.in) ഉടൻ തിരുത്തൽ വരുത്തിയിരിക്കുന്നത്. ഇടുക്കി ഡിവിഷനിലെ അറസ്റ്റു വിവരങ്ങളിൽ തിരുത്തൽ വരുത്തുകയും ക്രമനന്പർ 89 പ്രകാരം കുമാറിന്റെ അറസ്റ്റ് വിവരം ഉൾപ്പെടുത്തുകയുമാണ് ഇപ്പോൾ ചെയ്തത്.
വാഗമണ്‍ കോലാഹലമേട് കസ്തൂരിഭവനത്തിൽ കുമരേശന്റെ മകൻ കുമാറിനെ 2019 ജൂണ്‍ 15-ന് രാത്രി 9.30 ന് തൂക്കുപാലത്തു നിന്നു നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.എ. സാബു അറസ്റ്റ് ചെയ്തതായാണ് വെബ്സൈറ്റിൽ ഇപ്പോൾ ചേർത്തിരിക്കുന്നത്.
നെടുങ്കണ്ടം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു കോടതിയിൽ കുറ്റാരോപിതനെ ഹാജരാക്കിയതായും ഇപ്പോൾ വെബ്സൈറ്റിൽ കാണിക്കുന്നുണ്ട്. അതേ സമയം, വെബ്സൈറ്റിൽ കുമാറിന്റെ പ്രായം ചേർത്തിട്ടില്ല. അറസ്റ്റു ചെയ്തതായി പ്രഖ്യാപിച്ചിരിക്കുന്ന തീയതിയും തെറ്റാണ്.
പോലീസ് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ തിരുത്തൽ വരുത്തണമെങ്കിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ മേധാവിയായ എഡി ജിപിയുടെ അനുമതി വേണം. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരായ പോലീസുദ്യോഗസ്ഥരെ രക്ഷിച്ചെടുക്കുന്നതിനുള്ള തത്രപ്പാടിലാണ് ഉന്നതോദ്യോഗസ്ഥരെന്ന് ഇതോടെ വ്യക്തമാകുന്നു.