തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് നിയമസഭയിൽ. പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. പോലീസ് മർദ്ദനത്തെ തുടർന്ന് രാജ്കുമാർ എന്നയാൾ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയത്.
കസ്റ്റഡി മരണങ്ങൾ കൂടുന്നതും തടവുകാരികൾ ജയിൽ ചാടി രക്ഷപ്പെടുന്നതും പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിവുള്ള പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ ഒതുക്കിയെന്നും കഴിവില്ലാത്തവരെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിയമിച്ചതാണ് ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേ സമയം നെടുങ്കണ്ടത്ത് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കി. ഒരു കസ്റ്റഡി മരണവും സർക്കാർ ന്യായികരിക്കില്ല. ഉത്തരവാദികൾക്കെൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. പോലീസ് മർദ്ദനത്തെക്കുറിച്ച് അടിയന്തിരാവസ്ഥയുടെ വാർഷിക ദിനസമയത്ത് മറുപടി പറയേണ്ടി വന്നത് വിധി വൈപര്യത്യം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.