തൃശൂർ: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ മജിസ്ട്രേട്ടിനെതിരേ നടപടി ആവശ്യപ്പെട്ടുള്ള പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി കൈമാറിയത്.
ഹരിത ഫിനാൻസ് തട്ടിപ്പു കേസിൽ റിമാൻഡ് പ്രതി രാജ്കുമാർ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിലാണു പരാതി. മർദിച്ച് അവശനിലയിൽ ഹാജരാക്കിയിട്ടും നീതിപൂർവമായ നടപടി സ്വീകരിക്കാതിരുന്ന മജിസ്ട്രേട്ട് രശ്മി രവീന്ദ്രനെതിരേ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. നേർകാഴ്ച സെക്രട്ടറി പി.ബി. സതീഷ് നൽകിയ പരാതിയാണു മുഖ്യമന്ത്രി മേൽനടപടികൾക്കു ആഭ്യന്തര വകുപ്പു ചീഫ് സെക്രട്ടറിക്കു കൈമാറിയത്.
ഈ വിഷയത്തിൽ മജിസ്ട്രേട്ടിനെതിരേ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് അന്വേഷണം നടത്തി വീഴ്ച സംഭവിച്ചെന്നു റിപ്പോർട്ടു ചെയ്തിരുന്നു. രാജ്കുമാറിനെ 24 മണിക്കൂറിലേറെ കസ്റ്റഡിയിൽ വച്ചതും മർദിച്ച് അവശതയിലാക്കിയതും മജിസ്ട്രേട്ട് ശ്രദ്ധിച്ചില്ല. പ്രതിയെ ചട്ടമനുസരിച്ചു പരിശോധിച്ചിരുന്നെങ്കിൽ ആശുപത്രിയിലേക്ക് അയക്കുമായിരുന്നു. കസ്റ്റഡി മരണം ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.