സീമ മോഹൻലാൽ
കൊച്ചി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കുമാറി(രാജ്കുമാർ)ന്റെ അറസ്റ്റ് വിവരങ്ങൾ കേരള പോലീസിന്റെ വെബ്സൈറ്റിൽ ഇല്ല. 2019 ജൂണ്‍ 12 ന് വൈകിട്ട് അഞ്ചിന് അറസ്റ്റ് രേഖപ്പെടുത്തിയ രാജ്കുമാർ 15 വരെ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടർന്ന് പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിയവേ ജൂണ്‍ 21-നാണ് ഇയാൾ മരിച്ചത്.
കേരള പോലീസിന്റെ വെബ്സൈറ്റിൽ പബ്ലിക്ക് ഇൻഫർമേഷൻ മെനുവിൽ അലർട്ട്സ് എന്ന സബ് മെനുവിലാണ് അറസ്റ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്. സംസ്ഥാനത്തെ 19 പോലീസ് ഡിവിഷനുകളിലേയും അറസ്റ്റ് വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി ഓരോ ആഴ്ചയിലും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. എന്നാൽ, 2019 മേയ് 26 മുതൽ ജൂണ്‍ 22 വരെ അപ്ലോഡ് ചെയ്യപ്പെട്ട അറസ്റ്റ് കാര്യങ്ങൾ പരിശോധിച്ചാൽ നെടുങ്കണ്ടം സ്റ്റേഷനിലെ യാതൊരു വിവരങ്ങളും ലഭ്യമല്ല.
കസ്റ്റഡി മർദനവും തുടർന്നുണ്ടായ പ്രതിയുടെ മരണവും മൂലം കുപ്രസിദ്ധമായ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഇക്കാലയളവിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സംസ്ഥാന പോലീസിന്റെ ഒൗദ്യോഗിക പോർട്ടൽ പറയുന്നു.
വെബ് സൈറ്റിൽ നൽകുന്ന വിവരങ്ങൾ ഒരിക്കലും സ്റ്റേഷൻ റിക്കാർഡുകളുമായി പൊരുത്തപ്പെടുകയില്ലെന്നത് മറ്റൊരു യാഥാർഥ്യം.
അതു മനസിലാക്കണമെങ്കിൽ പരിഹാസ്യമായ ഈ വിവരങ്ങൾ കൂടി കേട്ടോളൂ. വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം 2019 മേയ് 26 മുതൽ ജൂണ്‍ ഒന്നുവരെ വിവിധ കുറ്റകൃത്യങ്ങളിലായി ഇടുക്കി ജില്ലയിലാകെ 12 പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (ഭൂവിസ്തൃതിയിൽ 13 ജില്ലകൾക്കും മുന്‍പിലാണ് ഇടുക്കി).
ജൂണ്‍ രണ്ടി നും എട്ടിനുമിടയിൽ 17 പേരേയും, ജൂണ്‍ 9 മുതൽ 15 വരെ 85 ആളുകളേയും, ജൂണ്‍ 16 മുതൽ 22 വരെ 104 പേരേയും അറസ്റ്റ് ചെയ്തിട്ടുള്ളതായാണ് വെബ്സൈറ്റിലെ വെളിപ്പെടുത്തൽ.എന്നാൽ keralapolice.org എന്ന വെബ്സൈറ്റ് ചികഞ്ഞുനോക്കിയിട്ടും പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെ ഇടുക്കി ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലും അറസ്റ്റ് ചെയ്തതായി കാണുന്നില്ല.ഇതു സംബന്ധിച്ച വിവരങ്ങൾ അറിയാനായി പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ വെബ് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെട്ടപ്പോൾ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നിന്ന് വിവരങ്ങൾ ലഭിച്ചില്ലെന്നാണ് അറിയിച്ചത്.
സംസ്ഥാനത്തെ ഓരോ പോലീസ് സ്റ്റേഷനുകളിലും വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ പേരും പ്രായവും വിലാസവും അച്ഛന്റെ പേരും എവിടെ വച്ച് അറസ്റ്റ് ചെയ്തെന്നും എന്തു കുറ്റത്തിനാണെന്നും അറസ്റ്റ് നടത്തിയ പോലീസുദ്യോഗസ്ഥന്റെ പേരും ഒൗദ്യോഗിക പദവിയും സ്വീകരിച്ച മേൽനടപടികളും പോലീസ് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ പൊതുജനങ്ങളുടെ അറിവിലേക്കായി കൃത്യമായും കണിശമായും പ്രസിദ്ധീകരി ക്കണമെന്നതാണ് ചട്ടം.
അറസ്റ്റ് നടന്ന് 12 മണിക്കൂറിനകം അതാത് ജില്ലാ കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചിരിക്കണമെന്നാണ് നിയമം. അവിടെ നിന്ന് ജില്ല ക്രൈം റിക്കാർഡ് സ് ബ്യൂറോയിലേക്കും തുടർന്ന് സംസ്ഥാന ക്രൈം റിക്കാർഡ് സ് ബ്യൂറോയിലേക്കും വിവരങ്ങൾ കൈമാറണം.
രാജ്കുമാറിന്റെ അറസ്റ്റ് സംബന്ധിച്ച് ഈ നിയമങ്ങളെല്ലാം പോലീസ് കാറ്റിൽ പറത്തിയിരിക്കുകയാണ്. കസ്റ്റഡിമരണം ഉണ്ടായതിനെത്തുടർന്നാണ് ഈ സംഭവം പുറത്തറിയുന്നത്. രാജ്യത്തെ മികച്ച പോലീസ് സേനയാണ് നമ്മുടെ സംസ്ഥാനത്തിനുള്ളതെന്ന് ഉൗറ്റം കൊള്ളുന്പോൾ ഇത്തരത്തിലുള്ള വീഴ്ചകൾ പോലീസ് വകുപ്പിനാകെ അപമാനമാണ്.
സൈറ്റ് വിവരങ്ങൾ എടുക്കാനായി keralapolice.org – Public Information – Alerts – Arrested Persons – Idukki Division 2019 May 26-June 22.