ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം മാവടിയില്‍ ഗൃഹനാഥന് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. മാവടി ഇന്ദിരാ നഗര്‍ പ്ലാക്കല്‍ സണ്ണി(57)യാണ് ചൊവ്വാഴ്ച രാത്രി 11.30 ഓടെ വെടിയേറ്റ് മരിച്ചത്.
വീടിനുള്ളില്‍ ഉറങ്ങാന്‍ പോയ സണ്ണിയെ ഭാര്യയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിനു പിന്നില്‍ നായാട്ടു സംഘമെന്നാണ് സൂചന.
രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു.
കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി രാത്രി വീടിന് കാവല്‍ ഏര്‍പ്പെടുത്തി.
ഇന്നലെ രാവിലെ ഫോറന്‍സിക് സംഘത്തെയും വിരലടയാള വിദഗ്ദ്ധരെയുമെത്തിച്ച് തെളിവുകള്‍ ശേഖരിച്ച ശേഷം ഇന്‍ക്വസ്റ്റ് നടത്തി. മുഖത്തിന് വെടിയേറ്റതായി പരിശോധനയില്‍ കണ്ടെത്തി.
കൈക്കും കഴുത്തിനും പരുക്കുകളുണ്ടായിരുന്നു. ഇന്നലെ ഇടുക്കി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയില്‍ വെടിയുണ്ട കണ്ടെത്തി.
എന്നാല്‍ വീട്ടില്‍ നിന്നും തോക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ അടുക്കളയുടെ കതകില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തി.
ഇതില്‍ രണ്ടെണ്ണം പലക തുളച്ച് കടന്നിരുന്നു. ഇവയിലൊന്നാകാം സണ്ണിയുടെ മുഖത്തേറ്റതെന്നാണ് നിഗമനം. നാടന്‍ തോക്കാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേര് പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. വെടി വയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.