കരുനാഗപ്പള്ളി : സ്ത്രീകളും കുട്ടികളും ഉൾപ്പടെ കൂട്ടത്തോടെ എത്തിയിരുന്ന ഉത്സവ പറമ്പുകളിൽ നിന്ന് കുടുംബങ്ങൾ ഇന്ന് അകലുകയാണെന്ന് ചലച്ചിത്ര നടൻ നെടുമുടി വേണു പറഞ്ഞു.
കരുനാഗപ്പള്ളി വ്യാസാ കഥകളി ക്ലബ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ പകയും വിദ്വേഷവും തീർക്കാൻ തല്ല് കൂടാനും പരസ്പരം വെട്ടാനും ഉത്സവ പറമ്പുകളെ ഉപയോഗപ്പെടുത്തിയതോടെ രാത്രി ഒൻപതിന് ശേഷം കുടുംബങ്ങൾക്ക് ഉത്സവ പറമ്പുകളെ ഉപേക്ഷിക്കേണ്ടി വരികയാണ്.
പുതിയ തലമുറയിൽപ്പെട്ടവർ കഥകളിയെ അറിയാൻ കടന്നു വരുന്നത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. കന്നേറ്റി ധന്വന്തരി ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ വ്യാസാ കഥകളി ക്ലബ് പ്രസിഡന്റ് ഡോ.ടി ആർ ശങ്കരപ്പിള്ള അധ്യക്ഷനായി.
വി രാജശേഖരനുണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കഥകളി കലാകാരൻമാരെയും ആദ്യകാല പ്രവർത്തകരെയും ആർ രാമചന്ദ്രൻ എം എൽ എ ആദരിച്ചു. എസ് ശ്രീനിവാസൻ, ഡോ. പി വേണുഗോപാൽ, കളർകോട് മുരളി, രവി മൈനാഗപ്പള്ളി, ഡോ.ശ്രീകുമാർ, നഗരസഭാ കൗൺസിലർ ശാലിനി രാജീവ് ആർ ഉണ്ണികൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രമുഖ കലാകാരൻമാർ അണിനിരന്ന നളചരിതം രണ്ടാം ദിവസം കഥകളിയും അരങ്ങേറി.