സിനിമലോകത്ത് പാരകളും സൗന്ദര്യപിണക്കങ്ങളും ഒട്ടും കുറവല്ല. ഒരു ചെറിയ കാരണം പോലും വലിയ പ്രശ്‌നത്തിലേക്ക് നയിക്കപ്പെടുന്നതാണ് സിനിമയിലെ പതിവ്. അത്തരത്തിലൊരു തെറ്റിദ്ധാരണയാല്‍ കുറച്ചുനാള്‍ മിണ്ടാതിരുന്ന കഥ പറയാനുള്ളത് മറ്റാര്‍ക്കുമല്ല, മലയാള സിനിമയിലെ സീനിയര്‍ താരങ്ങളായ നെടുമുടി വേണുവിനും ജഗതി ശ്രീകുമാറിനുമാണ്. അക്കഥ ഇങ്ങനെ-
അഭിനയ തിരക്കില്‍ നിന്ന് വിട്ട് നെടുമുടി ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ചിത്രത്തിന് പൂരം എന്നു പേരും നല്കി. 1989ലായിരുന്നു ഇത്. മലയാളത്തിലെ പ്രമുഖരായ നടന്മാരെല്ലാം തന്നെ സിനിമയുമായി സഹകരിച്ചു. തിരക്കിലായിരുന്നെങ്കിലും ജഗതി ശ്രീകുമാറിനും കഥ ഇഷ്ടമായി. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ മറ്റ് പല കാരണങ്ങളാലും ജഗതിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. അഞ്ച് ദിവസം കഴിഞ്ഞ് വരാം എന്ന് ചിത്രത്തിന്റെ നിര്‍മാതാവിനെ ജഗതി അറിയിച്ചു. ഇത് നെടുമുടി അറിഞ്ഞതുമില്ല.
എന്നാല്‍ സംഗതി പാളി. തിരക്കോട് തിരക്കായിരുന്ന ജഗതിക്ക് വാക്കു പാലിക്കാനായില്ല. ജഗതിയുടെ കഥാപാത്രത്തിന്റെ അസാന്നിധ്യം മറ്റ് താരങ്ങളെയും ബാധിച്ചു. ജഗതിയെ കാത്തു മടുത്ത നെടുമുടി കഥാപാത്രം ജഗദീഷിന് നല്കി. അതും ജഗതിയെ അറിയിക്കാതെ. തന്നെ ഒഴിവാക്കിയ കാര്യം ആരോ ജഗതിയെ വിളിച്ചറിയിച്ചു. ഇതോടെ കലിമൂത്ത താരം നെടുമുടിക്കെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ജഗതി പരസ്യമായി തന്നെ തള്ളിപ്പറഞ്ഞത് നെടുമുടിയെ വേദനിപ്പിക്കുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മില്‍ മിണ്ടാതാകുകയും ചെയ്തു. ഒടുവില്‍ നെടുമുടി തന്നെ ഇടപെട്ട് ജഗതിയോട് തുറന്നു സംസാരിക്കുകയും പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു.