2001-ൽ റിലീസായ ദിലീപ് സിനിമയായിരുന്നു ഇഷ്ടം. അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു അച്ഛൻ-മകൻ കോമ്പിനേഷനായിരുന്നു സിനിമ പറഞ്ഞത്. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും നല്ല അച്ഛൻ-മകൻ കോമ്പിനേഷൻ എടുത്താൽ അതിൽ മുന്നിൽ തന്നെ ഈ ചിത്രത്തിലെ നെടുമുടി വേണുവിന്റെയും ദിലീപിന്റെയും പ്രകടനം ഉണ്ടാകും.
ദിലീപിനൊപ്പമുള്ള അഭിനയത്തെ കുറിച്ച് അന്തരിച്ച നടൻ നെടുമുടി വേണു പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
മരിക്കുന്നതിന് മുമ്പ് അദ്ദേഹം അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ അവതാരകനായ ഗായകൻ എംജി ശ്രീകുമാർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ദിലീപുമൊത്തുള്ള അഭിനയത്തെ കുറിച്ച് നെടുമുടി മനസ് തുറന്നത്.
ദിലീപല്ലാതെ വേറാരെങ്കിലും ഇഷ്ടത്തിലെ പവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിൽ ഇത്രയേറെ ശ്രദ്ധിക്കപ്പെടില്ലായിരുന്നുവെന്നു നെടുമുടി വേണു പറഞ്ഞു. ഇഷ്ടത്തിലെ പവനാകാൻ മറ്റൊരു നടനെയായിരുന്നു കണ്ടുവെച്ചിരുന്നത്.
എന്നാൽ പിന്നീട് അയാളെ അണിയറപ്രവർത്തകർ വിളിക്കുമ്പോഴെല്ലാം ആ നടൻ കൃത്യമായി പ്രതികരിക്കാതിരുന്നതിനാൽ അവാസാനം ആ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി സംവിധായകനും മറ്റുള്ളവരും ദിലീപിനെ സമീപിക്കുകയായിരുന്നു.
ദിലീപ് നല്ലൊരു കുസൃതിക്കാരനാണ്. അയാൾ ജീവിതത്തിലും സിനിമയിലും അങ്ങനെ തന്നെയാണ്. അയാൾക്കൊപ്പം അഭിനയിക്കുമ്പോൾ നമുക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാൻ തോന്നും. അങ്ങോട്ട് കൊടുക്കുമ്പോൾ അതിനനുസരിച്ചായിരുക്കും ദിലീപിന്റെ ഭാഗത്തുനിന്നുള്ള പ്രകടനങ്ങൾ.
കൊടുക്കൽ വാങ്ങൽ നന്നാകുമ്പോൾ അത് കഥാപാത്രത്തെയും മികച്ചതാക്കും. ദിലീപ് അല്ലാതെ മറ്റൊരാൾ ആ കഥാപാത്രം ചെയ്തിരുന്നെങ്കിൽ ഒരിക്കലും നന്നാകുമായിരുന്നില്ല. അച്ഛൻ മകൻ കോമ്പോയെ പ്രേക്ഷകർ ഇഷ്ടപ്പെട്ടതും അതു കൊണ്ടാണെന്നും നെടുമുടി വേണു പറഞ്ഞു.