നെടുങ്കണ്ടം: മധ്യപ്രദേശിലേക്ക് ട്രെയിൻ സർവീസ് നടത്തുന്നതായുള്ള വ്യാജ പ്രചാരണത്തെ തുടർന്ന് നെടുങ്കണ്ടത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ തോട്ടങ്ങളിലെ ജോലി ഉപേക്ഷിച്ച് മടക്ക യാത്രയ്ക്ക് ഒരുങ്ങിയെത്തിയത് ആശങ്ക സൃഷ്ടിച്ചു.
കുമളി -മൂന്നാർ സംസ്ഥാന പാതയിൽ തന്പടിച്ച മധ്യപ്രദേശ് സ്വദേശികളെ നെടുങ്കണ്ടം പോലീസും നെടുങ്കണ്ടം എൻസിസി ബറ്റാലിയനും ഇടപെട്ട് തോട്ടങ്ങളിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സ്ത്രീകളും കുട്ടികളും പുരുഷൻമാരും അടങ്ങുന്ന സംഘം സംസ്ഥാന പാതയോരത്ത് ബാഗും അവശ്യ വസ്തുക്കളുമായി കുത്തിയിരിപ്പ് ആരംഭിച്ചത്.
മധ്യപ്രദേശിലേക്ക് മടങ്ങണമെന്നായിരുന്നു ഇവരുടെ ആവശ്യം. ട്രെയിൻ സർവീസ് ആരംഭിച്ചെന്ന പ്രചാരണത്തെ തുടർന്നാണ് ഇവർ തോട്ടങ്ങളിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് ടങ്ങാനായി എത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് നെടുങ്കണ്ടം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ പോലീസും നെടുങ്കണ്ടം എൻസിസി ബറ്റാലിയൻ ഉദ്യോഗസ്ഥരും ചേർന്ന് റോഡിൽ ഇരുന്നവരെ അനുനയിപ്പിച്ചാണ് ഇവർ ജോലി ചെയ്തിരുന്ന തോട്ടങ്ങളിലേക്ക് മടക്കി അയച്ചത്.
സമാനമായ സാഹചര്യത്തിൽ മേഖലയിലെ നാല് തോട്ടങ്ങളിൽ അതിഥി തൊഴിലാളികൾക്ക് മടങ്ങണമെന്ന ആവശ്യത്തെ തുടർന്ന് ജോലികൾ നിർത്തിവച്ചു. എറണാകുളത്തുനിന്നും അതിഥി തൊഴിലാളികൾക്ക് മടങ്ങാൻ ഇന്നലെ മുതൽ ട്രെയിൻ സർവീസ് ആരംഭിച്ചു എന്നായിരുന്നു വ്യാജ പ്രചരണം.
മടങ്ങേണ്ടവർ യാത്രയ്ക്കായി സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നെടുങ്കണ്ടം പോലീസ് ബോധവത്കരണം നടത്തിയതോടെയാണ് ഇവർ തിരികെ തോട്ടത്തിലേക്ക് മടങ്ങാൻ തയാറായത്.