ചാവക്കാട്: ജൈവമാലിന്യസംസ്കരണത്തിന് പ്ലാന്റ് എന്ന ആശയം തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ. പ്ലാന്റ് അഴിമതിക്ക് വേണ്ടിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.ചക്കംകണ്ടത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് പൗരാവകാശവേദി നടത്തിയ വായ്മൂടികെട്ടിയുള്ള മനുഷ്യച്ചങ്ങലയും ബഹുജനസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലകണ്ഠൻ.
ഗുരുവായൂരിൽ നിന്നുള്ള മാലിന്യം ചക്കംകണ്ടം മേഖലയിലേക്ക് ഒഴുക്കിവിടുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച നീലകണ്ഠൻ മാലിന്യപ്രശ്നം ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശം നിഷേധിക്കുന്നതാണ്.
പൗരാവകാശവേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷനായിരുന്നു. ജനപക്ഷം സംസ്ഥാന സെക്രട്ടറി ബെന്നി ജോസഫ്, സി.എം.സഗീർ, ലത പ്രേമൻ, പി.എ.ഷാഹുൽ ഹമീദ്, അനീഷ് പാലയൂർ, സുജിത്ത് അയിനിപ്പുള്ളി, കെ.വി.ഷാനവാസ്, കെ.ടി.പ്രസന്നൻ, പി.കെ.അക്ബർ, ഹാരീസ് രാജ്, ആർ.പി.റഷീദ്, ഫാമീസ് അബൂബക്കർ, നവാസ് തെക്കുംപുറം, കെ.പി.അഷറഫ്, മണി പുക്കാട്ട്, ദസ്തശീർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
ചക്കംകണ്ടം പാലം പരിസരത്ത് നടന്ന ബഹുജന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയൊരു ജനം പങ്കെടുത്തു. മുഖ്യമന്ത്രിക്ക് സമർപ്പിക്കാനുള്ള ഭീമഹർജിയിലേക്ക് ഒപ്പുശേഖരണം നടത്തി.