ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പാപ്പുവാ, ന്യൂഗിനിയ, ഇന്തോനേഷ്യയുടെ കിഴക്കൻപ്രദേശം എന്നിവിടങ്ങളാണ് പുക്കേക്കോയുടെ ദേശം.
നമ്മുടെ നാട്ടിലെത്തിയാൽ ഇവ നീലക്കോഴി, നീർക്കോഴി, നെല്ലിക്കോഴി എന്നൊക്കെ വിളിക്കും.
കൊക്കിനു മുകളിൽ നിന്ന് തലയിലേക്ക് ഉയർന്നു നിൽക്കുന്ന ചുവന്ന നിറത്തിലുള്ള തഴന്പുപോലുള്ള ഫലം (ഷീൽഡ്) ഇവയുടെ പ്രത്യേകതയാണ്. ശത്രുക്കളെ വിരട്ടിയകറ്റാൻ ഈ ചുവന്ന ഷീൽഡ് ഇരട്ടിവലുപ്പത്തിൽ വികസിപ്പിക്കും. തിളങ്ങുന്ന നീലനിറം ഇവയെ ആകർഷകമാക്കുന്നു.
ആഴംകുറഞ്ഞ ജലാശയങ്ങളുടെയും ചതുപ്പുകളുടെയും പരിസരങ്ങളിൽ ഇടതൂർന്നു വളരുന്ന ആറ്റുവഞ്ഞി, ഈറൽ തുടങ്ങിയ ചതുപ്പു സസ്യങ്ങൾ നിറഞ്ഞ ഇടങ്ങളാണ് ഇവയുടെ ആവാസവ്യവസ്ഥ.
ചതുപ്പു സസ്യങ്ങളുടെ മാംസളമായ തണ്ടുകൾ, വേരുകൾ കൂടാതെ ചെറുമീനുകൾ, തവളകൾ തുടങ്ങിയവയാണ് ഇവയുടെ ഇഷ്ടഭക്ഷണം. ചതുപ്പു സസ്യങ്ങളുടെ മാംസളമായ വേരുകളും തണ്ടുകളും കീറിയെടുത്ത് വലത്തുകാലുകൊണ്ട് ഉയർത്തിപ്പിടിച്ചു ഭക്ഷിക്കുന്ന ഒരു വിചിത്ര രീതി ഇവയ്ക്കുണ്ട്.
ശരീരത്തിന്റെ പകുതിയിൽ കൂടുതൽ ഉയരത്തിൽ കാലുകളുയർത്താൻ ഇവയ്ക്കാവും.ആഴംകുറഞ്ഞ ജലപ്പരപ്പിൽ കൂട്ടിയിട്ട ചുള്ളിക്കന്പുകൾക്കു മുകളിൽ ഉണങ്ങിയ ചതുപ്പു സസ്യങ്ങൾ കൂട്ടിയിട്ട് അതിനുള്ളിൽ ഗുഹപോലുള്ള കൂടുനിർമിക്കുന്ന വിചിത്ര രീതിയാണ് ഇവയുടേത്.
ആൺപക്ഷികളുടെ എണ്ണം വളരെ കൂടുതലുള്ള ഒരു വിഭാഗമാണ് ഇവ. ഒന്നിൽകൂടുതൽ ആൺപക്ഷികൾ ഒരേ പെൺപക്ഷിയുമായി ഇണചേർന്നു ജീവിക്കുന്ന പോളിയാണ്ട്രി വ്യവസ്ഥ ഇവയുടെ മറ്റൊരു വിചിത്ര രീതിയാണ്.
ഒരു സീസണിൽ മൂന്നു മുതൽ ആറുവരെ പുള്ളിക്കുത്തുള്ള മുട്ടകൾ ഇടും. 23 മുതൽ 27 ദിവസങ്ങൾക്കകം മുട്ട വിരിയും. അടയിരിക്കുന്നതും കുഞ്ഞുങ്ങളെ പരിചരിക്കുന്നതും പെൺപക്ഷിയുടെ മാത്രം ചുമതലയല്ല.
ആൺപക്ഷികളും മുന്പ് വിരിഞ്ഞുണ്ടായ മുതിർന്ന കുഞ്ഞുങ്ങളും മാറിമാറി ഇത്തരം ഉത്തരവാദിത്വം ഏറ്റെടുക്കും. മറ്റു പക്ഷി കുഞ്ഞുങ്ങളിൽ നിന്നു വ്യത്യസ്തമായ വിധം.
വിരിഞ്ഞ ഉടൻതന്നെ ഇവ പക്വതയാർജിക്കുമെങ്കിലും മൂന്നുനാലു ദിവസം കൂട്ടിൽതന്നെ കഴിഞ്ഞുകൂടും. അതിനുശേഷം പുറത്തിറങ്ങും. രണ്ടാഴ്ചകൊണ്ട് പക്വതയാർജിച്ച് ഭക്ഷണം തേടാൻ തുടങ്ങും.
ബഹുദൂരം ദേശാടനം ചെയ്യുന്ന പക്ഷികളല്ല എങ്കിലും ഭൂഖണ്ഡാന്തര ദേശാടനം ചെയ്യുന്നവയാണ് പുക്കേക്കോ. വിരുന്നുകാരൻ വീട്ടുകാരനായി തീർന്നിരിക്കുന്നു എന്ന വിചിത്ര വിശേഷമാണ് ഇവയെ കൂടുതലായി കണ്ടെത്തിയ കുന്പളങ്ങിയിലുള്ളവർക്ക്. 2020ലെ രണ്ടാമത്തെ ലോക ദേശാടന പക്ഷി ദിനത്തിൽ പങ്കുവയ്ക്കാനുള്ളത്.