അന്പലപ്പുഴ: നീലാംബരിക്കു പഠിച്ച് ഉന്നത നിലയിലെത്തണം. എന്നാൽ കിടക്കാൻ വീടുമില്ല, പഠിക്കാൻ ടെലിവിഷനുമില്ല. തകർന്നടിഞ്ഞ ഷെഡിനുള്ളിൽ തന്റെ ആഗ്രഹങ്ങൾ ഒതുക്കി വെക്കുകയാണ് ഈ വിദ്യാർത്ഥിനി.
പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് അപ്പാത്തിക്കരി മോഹന കൃഷ്ണൻ കവിത ദന്പതികളുടെ ഏക മകൾ നീലാംബരിയുടെ ഓണ്‍ലൈൻ പഠനമാണ് ടെലിവിഷനും സ്മാർട്ട് ഫോണുമില്ലാത്തതിനാൽ മുടങ്ങിയത്. വണ്ടാനം തീരദേശത്ത് മാതാവിനൊപ്പമായിരുന്നു കവിത താമസിച്ചിരുന്നത്.
പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിന് നടുക്ക് തകർന്നടിഞ്ഞ ഷെഡിൽ 1,500 രൂപ വാടക നൽകിയാണ് ഈ കുടുംബം താമസിക്കുന്നത്. മുൻവശം തറപ്പാള കൊണ്ട് മറച്ചിരിക്കുകയാണ്. ഷട്ടർ നിർമാണ തൊഴിലാളിയായ മോഹന കൃഷ്ണനും വീട്ടുജോലി ചെയ്തു വരുന്ന കവിതയും വാടക നൽകാൻ തന്നെ ബുദ്ധിമുട്ടുകയാണ്.
ഇതിനിടയിലാണ് നാലാം ക്ലാസ് വിദ്യാർഥിനിയായ മകളുടെ ഓണ്‍ലൈൻ പഠനം ആരംഭിച്ചത്. എന്നാൽ വീട്ടിലെ ടെലിവിഷൻ തകരാറിലായിട്ട് എട്ടു മാസമായതോടെ മകളുടെ പഠനം ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഒരു വർഷം മുൻപ് പ്രദേശ വാസിയായ ഒരാളാണ് ടെലിവിഷൻ ഇവർക്ക് നൽകിയത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഈ കുടുംബം കഴിഞ്ഞ 14 വർഷമായി ലോഡ്ജുകളിലും വാടക വീടുകളിലുമായാണ് കഴിയുന്നത്.
ഒരു കാറ്റടിച്ചാൽ പറന്നു പോകുന്ന തരത്തിലുള്ള ഈ ഷെഡിൽ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന നീലാംബരിയുടെ പഠനം ഈ ദുരിത ജീവിതത്തിനിടയിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
സുമനസുകൾ സഹായിച്ചാൽ ഈ നാലാം ക്ലാസ് വിദ്യാർഥിനിയുടെ പഠനം തുടരാൻ കഴിയും. ഒപ്പം ഭീതിയില്ലാതെ മാതാപിതാക്കൾക്കൊപ്പം അന്തിയുറങ്ങാൻ ഒരു കൂരയും. ഇതാണ് ഈ നാലാം ക്ലാസുകാരിയുടെ ആഗ്രഹം…