നീലംപേരൂർ: പ്രളയം തീർത്ത ദുരിതം മറന്ന് നീലംപേരൂർ ഗ്രാമം പടയണിയുടെ ആഹ്ലാദത്തിലാണ്. ഗ്രാമീണ കൂട്ടായ്മയിൽ നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രത്തിലെ പടയണി കളത്തിൽ അന്നങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. പടയണി കലാകാരന്മാരുടെ ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് മനോഹരങ്ങളായ അന്നങ്ങൾ പൂർത്തിയാകുന്നത്.
ക്ഷേത്ര ചുറ്റുപാടുകളിൽ വല്യന്നത്തിന്റെയും രണ്ടു ഇടത്തരം അന്നങ്ങളുടെയും ചെറിയ അന്നങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. തടിയിൽ തീർത്ത രൂപത്തിലാണ് അന്നങ്ങളുടെ നിർമാണം ആദ്യഘട്ടം നടക്കുന്നത്. ഇതിൽ വാഴക്കച്ചി കൊണ്ട് വരിച്ചിൽ ജോലികളാണ് നടക്കുന്നത്.
ഏറെ ശ്രമകരമായതും വൈദഗ്ധ്യം വേണ്ടതുമായ ജോലിയാണിത്. ഇതിൽ ഏറെ പരിചയമുള്ള പടയണി കലാകാര·ാരാണ് ഈ ജോലികൾ ചെയ്യുന്നത്. വരിച്ചിൽ കഴിഞ്ഞാൽ പിന്നീട് നിറ പണികളാണ്. താമരയിലയും വാഴപ്പോളയും വാഴപ്പിണ്ടിയും ചെത്തിപ്പൂവുമാണ് നിറ പണികൾക്ക് വേണ്ടി വരുന്നത്.
തീർത്തും പ്രകൃതിയിൽ നിന്നും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് മാത്രമാണ് നിർമാണം. നിറ പണികൾക്കായി 300 പറ ചെത്തിപ്പൂക്കളാണ് വേണ്ടി വരുന്നത്. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ നിന്നും മറ്റു ചുറ്റുപാടുകളിൽ നിന്നും ദൂരെ ദേശങ്ങളിൽ നിന്നുമൊക്കെയാണ് ഇവ ശേഖരിക്കുന്നത്.
പൂര ദിവസം രാവിലെ മുതൽ നിറ പണികൾ ആരംഭിക്കും. രാവിലെ മുതൽ ക്ഷേത്ര പരിസരം കുട്ടികളെയും മുതിർന്നവരെയും കൊണ്ട് സജീവമായിരുന്നു. പൂര ദിവസങ്ങൾ അടുക്കുന്നതോടെ പൊതുജന പങ്കാളിത്തത്താൽ പടയണി കളം കൂടുതൽ സജീവമാകും.