നീലംപേരൂർ: പള്ളി ഭഗവതി ക്ഷേത്രത്തിൽ പൂരം പടയണി ഇന്ന് നടക്കും. ഭക്തജനങ്ങൾ കാത്തിരുന്ന ഗ്രാമത്തിന്റെ സുകൃതമായ വല്യന്നം പടയണിക്കളത്തിൽ എത്തും. ആർപ്പ് വിളികളുടെ അകന്പടിയോടെ ദേവിയുടെ തിരുനടയിൽ പടയണി താളത്തിൽ ഭക്തർ 75 പുത്തൻ അന്നങ്ങളെ സമർപ്പിക്കും. വ്യത്യസ്തമായ അളവുകളിലുള്ള അന്നങ്ങളെ ഭക്തരുടെ നേർച്ചയായാണ് ദേവിക്ക് സമർപ്പിക്കുന്നത് പൂരരാവിന്റെ മുഖ്യ ആകർഷണമായ വല്യന്നം രാത്രി പടയണി കളത്തിൽ എത്തും.
പടയണി കളത്തിൽ പൂരം പടയണിയുടെ വരവ് അറിയിച്ചു കൊണ്ട് മകം പടയണി ദിനമായ ഇന്നലെ അന്പലകോട്ട എഴുന്നെള്ളി. ചൂട്ടു പടയണിയുമായി ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയ ശേഷമാണ് പടയണി കളത്തിൽ അന്പലകോട്ട എത്തിയത്. പടയണി കളത്തിൽ തിങ്ങി നിറഞ്ഞ ഭക്തർ ആർപ്പുവിളികളോടെ വരവേറ്റു. നെല്ലിന്റെ ജന്മദിനമായ മകം നാളിൽ കാർഷിക അഭിവൃദ്ധിക്ക് വേണ്ടി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു.
കാർഷിക കലാരൂപമായ വേലകളിയും ഇതോടൊപ്പം നടന്നു. പൂര ദിവസമായ ഇന്ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം പടയണി കളത്തിൽ നിറപണികൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, തുടർന്ന് അന്നമൂട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 7.30ന് അത്താഴപൂജ, എട്ടിന് പുത്തൻ അന്നങ്ങളുടെ തേങ്ങ മുറിയ്ക്കൽ ചടങ്ങ്, 10ന് കുടംപൂജ കളി, 10.30ന് തോത്താകളി, 11ന് പുത്തൻ അന്നങ്ങളുടെ തിരുനട സമർപ്പണം 12.30ന് വല്യന്നത്തിന്റെ എഴുന്നെള്ളത്ത്, തുടർന്ന് അന്നങ്ങൾ, കോലങ്ങൾ, പൊയ്യന, സിംഹം എന്നിവയുടെ എഴുന്നെള്ളത്ത് തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.