നീലംപേരൂര്‍: സൗന്ദര്യത്തിന്റെയും അറിവിന്റെയും പ്രതീകമായ അരയന്നത്തിലേക്ക് എത്തുന്ന പ്രസിദ്ധമായ നീലംപേരൂര്‍ പൂരം പടയണി ഇന്ന് നടക്കും.
ഇന്നലെ നടന്ന മകം പടയണിയില്‍ അടിയന്തിരക്കോലമായി അന്പലക്കോട്ടയും വേലയന്നങ്ങളും എഴുന്നള്ളി. ചേരമാന്‍ പെരുമാള്‍ സ്മാരകത്തിലെത്തി അനുഞ്ജ വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുടം പൂജകളിയും തോത്താകളിയും നടന്നു.
തുടര്‍ന്നാണ് വേലയന്നങ്ങളും അംബലക്കോട്ടയും കൊടിക്കുറക്കും കാവല്‍ പിശാചിനുമൊപ്പം കളത്തില്‍ എഴുന്നള്ളിയത്. 16 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഗ്രാമത്തിന്റെ മഹാസുകൃതമായ ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളും രാത്രി 12.30ന് ക്ഷേത്ര ആല്‍ത്തറയില്‍ നിന്ന് നീലംപേരൂര്‍ പള്ളി ഭഗവതിയുടെ സന്നിധിയിലേക്ക്എഴുന്നള്ളുന്നതോടെ ഇവര്‍ഷത്തെ പടയണിക്ക് സമാപനമാവും.
ചൂട്ട് വെളിച്ചത്തിന്റെ പൊന്പ്രഭയില് വല്യന്നവും ചെറിയ അന്നങ്ങളും എഴുന്നള്ളും.
പുലര്‍ച്ചെ ആറ് മുതല്‍ അന്നത്തിന്റെ നിറപ്പണികള്‍ ആരംഭിച്ചു. ഉച്ചയോടെ ചുണ്ടും പൂവും പിടിപ്പിക്കുന്ന പണികള്‍ പൂര്‍ത്തിയാകും.
വൈകുന്നേരം ദീപാരാധനയ്ക്ക് മുന്‍പായി അന്നത്തിന്റെ മുഴുവന്‍ പണികളും തീരും. 30 അടി ഉയരമുള്ള വല്യന്നവും 15 അടി വീതം ഉയരമുള്ള രണ്ട് ഇടത്തരം അന്നങ്ങളും, 90 ചെറിയ അന്നങ്ങളും പടയണികളത്തില്‍ എത്തും.
അന്നങ്ങളും കോലങ്ങളും ക്ഷേത്രസന്നിധിയില്‍ എത്തിയശേഷം ദേവി വാഹനമായ സിംഹം എഴുന്നള്ളുന്നതോടെ പടയണി ആരംഭിക്കും. തുടര്‍ന്ന് പടയണിയുടെ വ്രതം അനുഷ്ഠിച്ച കാര്‍മികനായ ഗോപകുമാര്‍ മഠത്തില്‍ അരിയും തിരിയും സമര്‍പ്പിക്കുന്നതോടെ പടയണിക്ക് സമാപനമാകും.
പടയണി ദിവസമായ ഇന്നു ക്ഷേത്രത്തില്‍ ഉച്ചക്ക് 12ന് ഉച്ചപൂജ, കൊട്ടി പാടി സേവ, നീലംപേരൂര്‍ പുരുഷോത്തമദാസ്, നീലംപേരൂര്‍ മുരളീധരന്, നീലംപേരൂര്‍ സുരേഷ് കുമാര്‍, നീലംപേരൂര്‍ അഭിലാഷ് കുമാര്‍, നാദസ്വരം നീലംപേരൂര്‍ രാജേഷ് കുമാര്‍ ആന്‍ഡ് പാര്‍ട്ടി.
ഉച്ചപൂജക്ക് ശേഷം മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7.30 ന് അത്താഴപൂജ, എട്ടിനു പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കല്‍, രാത്രി പത്തിന് കുടം പൂജകളി, 10.30 ന് സര്വപ്രായച്ഛിത്തം, ബ്രഹ്മശ്രീ ശങ്കരന് നന്പൂതിതിരി ക്ഷേത്രം മേല്‍ശാന്തി, തുടര്‍ന്ന് അനുഞ്ജവാങ്ങല്, ദേവസ്വം പ്രസിഡണ്ട് കരുണാകര കൈമള്‍, തുടര്‍ന്ന് തോത്താകളി, 11ന് പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം, 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്, ചെറിയ അന്നങ്ങള്‍, കോലങ്ങള്‍, പെയ്യാന, സിംഹം, എന്നിവയുടെ എഴുന്നള്ളത്ത്.