ആലപ്പുഴ: തീരദേശ ജില്ലയുടെ മണ്ണിൽ നീല വിപ്ലവം തീർക്കുകയാണ് തുറവൂർ ഫിഷറീസ് യൂണിറ്റ്. മത്സ്യ സന്പത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന ഫിഷറീസ് വകുപ്പ് നടത്തുന്ന വിവിധ പദ്ധതികളിൽ മികവുറ്റ മുന്നേറ്റമാണ് തുറവൂർ ഫിഷറീസ് യൂണിറ്റിന്റേത്.
യൂണിറ്റിന് കീഴിലുള്ള തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി ബ്ലോക്കുകൾ മത്സ്യകൃഷിയിൽ വൻ നേട്ടമാണ് കൈവരിച്ചത്. ജില്ലയിൽ ഏറ്റവുമധികം മത്സ്യ കർഷകരുള്ള തുറവൂർ ഫിഷറീസ് യൂണിറ്റ് പദ്ധതികൾ നടപ്പാക്കുന്നതിലും ഒന്നാം സ്ഥാനത്തുതന്നെ.
ഓരുജല കരിമീൻ കൂട് കൃഷി, ഓരുജല ചെമ്മീൻ കൃഷി, കരിമീനും പൂമീനും കൂടിയുളള സമ്മിശ്ര കൃഷി, ഒരുനെല്ലും ഒരു മീനും, ഞണ്ട് കൃഷി, കരിമീൻ കുഞ്ഞുങ്ങളുടെ വിത്തുല്പാദനം തുടങ്ങി വിവിധ തരത്തിലുള്ള മത്സ്യകൃഷികളാണ് യൂണിറ്റിന് കീഴിൽ നടക്കുന്നത്.
മത്സ്യകൃഷിക്കുള്ള തയാറെടുപ്പു മുതൽ ബണ്ട് നിർമാണം, കുളമൊരുക്കൽ, കുളത്തിന്റെ ആഴം കൂട്ടൽ, വലവിരിക്കൽ, വിത്ത് നിക്ഷേപം തുടങ്ങി വിപണനം വരെയുള്ള എന്തുകാര്യങ്ങൾക്കും യൂണിറ്റിന്റെ സേവനം ലഭ്യമാണ്.
ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, അസിസ്റ്റന്റ് ഡയറക്ടർ രമേശ് ശശിധരൻ, അക്വാകൾച്ചർ തുറവൂർ യൂണിറ്റ് ഓഫീസർ ലീന ഡെന്നിസ്, പ്രോജക്ട് കോ-ഓർഡിനേറ്റർ ഫെൽഗ ഫെലിക്സ്, അക്വാകൾച്ചർ പ്രൊമോട്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം.
തുറവൂർ യൂണിറ്റിൽ ഏകദേശം 400 ഏക്കർ സ്ഥലത്തായി ഒരു സെന്റ് മുതലുള്ള ചെറിയ കുളങ്ങളിൽ മത്സ്യകൃഷി നടത്തുന്നുണ്ട്. ശുദ്ധജല മത്സ്യകർഷകർക്ക് സൗജന്യമായി കാർപ്പ് കുഞ്ഞുങ്ങളെയും നൽകുന്നു.
500 ഏക്കറിൽ ഓരുജല സമ്മിശ്രകൃഷി, 2500 ഏക്കറിൽ ഒരുനെല്ലും ഒരു ചെമ്മീനും കൃഷി, ഏഴ് ഏക്കറിൽ ശുദ്ധജല അസാം വാള കൃഷി, 10ഏക്കറിൽ സിലോപ്പി കൃഷി, നൂറോളം സ്ഥലങ്ങളിലായി ഓരുജല കൂടുകൃഷി എന്നിവയും ചെയ്യുന്നുണ്ട്.
ഓരുജല കരിമീൻ കൃഷി, ഞണ്ട് കൃഷി, കാരചെമ്മീൻ കൃഷി, കല്ലുമ്മക്കായ കൃഷി, കരിമീൻ വിത്തുല്പാദനം കരിമീൻ, പൂമീൻ കുഞ്ഞുങ്ങളുടെ റിയറിംഗ് യൂണിറ്റ്, അക്വാപോണിക്സ് എന്നിവയും തുറവൂർ ഫിഷറീസ് യൂണിറ്റിന് കീഴിൽ വിജയകരമായി നടന്നു വരുന്നു.
2018,’19 വർഷങ്ങളിലെ പ്രളയം മത്സ്യ കൃഷിയെ ബാധിച്ചില്ലായിരുന്നെങ്കിൽ മത്സ്യകൃഷി രംഗത്ത് നിലവിലെ വളർച്ചയേക്കാൾ ഉയരം കൈയടക്കാൻ തുറവൂർ യൂണിറ്റിന് സാധ്യമാകുമായിരുന്നെന്ന് തുറവൂർ അക്വാകൾച്ചർ യൂണിറ്റ് ഓഫീസർ ലീന ഡെന്നിസ് പറഞ്ഞു.
പ്രളയത്തിൽ കൃഷി നശിച്ച കർഷകരെ പ്രളയ പുനരുദ്ധാരണ പാക്കേജിൽ ഉൾപ്പെടുത്തി 30 ശതമാനം തുക അഡ്വാൻസായി നൽകിയാണ് കൃഷിയിലേക്ക് തിരികെ എത്തിച്ചത്. ജില്ലയിലെ മറ്റു ബ്ലോക്കുകളിലെ മത്സ്യ കൃഷിയുടെ അനുപാതം നോക്കുന്പോൾ പ്രളയാനന്തരം 30 ശതമാനത്തിന്റെ വർധന തുറവൂർ യൂണിറ്റിനു കീഴിൽ ഉണ്ടായിട്ടുണ്ട്.
പദ്ധതികളുടെ നടത്തിപ്പിനും കർഷകരുടെ ക്ഷേമത്തിനുമായി പഞ്ചായത്തുകളും ജനപ്രതിനിധികളും മികച്ച രീതിയിലുള്ള സഹകരണം നൽകുന്നുണ്ടെന്ന് യൂണിറ്റിലെ ഉദ്യോഗസ്ഥർ പറയുന്നു. ലാഭത്തേക്കാൾ കൃഷിയെ സ്നേഹിക്കുന്ന കർഷകരുടെ പിന്തുണയോടെയാണ് കൃഷിയിൽ വിപ്ലവം തീർക്കാൻ കഴിഞ്ഞതെന്നും.