കോട്ടയം: എംസി റോഡിൽ നീലിമംഗലത്ത് നിർമിച്ച പുതിയ പാലം എന്നു തുറക്കുമെന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്. നിർമാണം പൂർത്തിയായ പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെയാണ് പാലം ബലക്ഷയമെന്ന പരാതി ഉയർന്നത്. തുടർന്ന് രണ്ടു തവണ ഭാരപരിശോധന നടത്തി. രണ്ടു പരിശോധനയിലും പാലത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്നാണ് സൂചന. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.
വിദഗ്ധസംഘം നടത്തിയതിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിന്റെ തീരുമാനം. ചെന്നൈ ഐഐടിയിൽനിന്നുള്ള വിദഗ്ധ സംഘമെത്തിയാണു പാലത്തിന്റെ ബലപരിശോധന വീണ്ടും നടത്തിയത്. ഇതിന്റെ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച കെഎസ്ടിപിക്ക് ലഭിച്ചിരുന്നു. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ സർക്കാരിനു കൈമാറിയിട്ടുണ്ട്. സർക്കാരിൽനിന്നു തീരുമാനമുണ്ടായാൽ പാലം തുറന്നുകൊടുക്കും. കൃത്യമായ ഒരു തീയതി സർക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നുമാത്രം.
ഐഐടി സംഘത്തിന്റെ പരിശോധനാഫലം അനുകൂലമായാൽ ഗതാഗതത്തിനു തുറക്കാമെന്നു പദ്ധതിക്കു ഫണ്ട് നൽകിയ ലോകബാങ്ക് സംഘം നേരത്തെ അറിയിച്ചിരുന്നു.വിദഗ്ധ സംഘത്തെ എത്തിക്കുന്നതു മുതൽ എല്ലാ സാങ്കേതിക കാര്യങ്ങളും ബന്ധപ്പെട്ട കണ്സൾട്ടൻസിയാണു ചെയ്യുന്നത്. ആദ്യ ഭാരപരിശോധന പരാജയപ്പെട്ടതോടെയാണു പുതിയ ഏജൻസിയെ ഏൽപ്പിച്ചത്.
ഒരിക്കൽകൂടി വിദഗ്ധ ഏജൻസിയെ കൊണ്ടു ഭാരപരിശോധന നടത്തിയശേഷമേ പാലം ഗതാഗതത്തിനു തുറക്കാവൂവെന്നു ലോക ബാങ്ക് സംഘം നവീകരണം നടത്തിയ കെഎസ്ടിപിയോട് നിർദേശിച്ചിരുന്നു. കെഎസ്ടിപി മുന്നോട്ടുവച്ച ഏജൻസികളെ ലോകബാങ്ക് സംഘം അംഗീകരിച്ചിരുന്നില്ല.
ഏജൻസികളെ നിർദേശിക്കാൻ ലോകബാങ്കിനോട് ആവശ്യപ്പെട്ടെങ്കിലും ഇവരും ഏൻസികളുടെ പേരു മുന്നോട്ടുവച്ചില്ല. നിർമാണ പ്രായോഗിക പരിശോധനയനുസരിച്ച് അടിത്തറയുടെ ഉറപ്പ് പരിശോധിക്കണം. ഘടന, ഭാരം, രൂപകൽപ്പന എന്നിവ നിയമാനുസൃതമാണോയെന്നും പരിശോധിക്കണം. നിർമാണത്തിന് ഉപയോഗിച്ച സിമന്റ്, കന്പി എന്നിവയുടെ അളവു കണ്ടെത്തണം.
കന്പിയുടെ അളവ് സ്കാനിംഗ് പരിശോധനയിലൂടെയും കോണ്ക്രീറ്റിന് ഉപയോഗിച്ച സിമന്റ്, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവയുടെ അളവ് കോണ്ക്രീറ്റ് കെമിക്കൽ അനാലിസിസിലൂടെയും കണ്ടെത്തണം.പാലത്തിന്റെ ആദ്യത്തെ തൂണിനോടു ചേർന്നു സ്ലാബിൽ എട്ടുമാസം മുന്പു വിള്ളൽ കണ്ടതോടെയാണു പാലത്തിനു ബലക്ഷയമെന്ന് ആരോപണമുയർന്നത്. ഇതോടെയാണു ബല പരിശോധനയ്ക്കുശേഷം മതി പാലം തുറക്കലെന്നു ലോകബാങ്ക് സംഘം നിർദേശിച്ചത്.
മേയ് ആദ്യവാരത്തിലാണു സ്വകാര്യ ഏജൻസി പരിശോധന നടത്തിയത്. കരാറുകാർ കൊണ്ടുവന്ന ഏജൻസി പരിശോധന നടത്തിയിട്ടും ഫലം എതിരായി. നാലു ടോറസ് ലോറികളിൽ ഓരോന്നിലും 38.2 ടണ്വീതം കയറ്റി പാലത്തിൽ നിർത്തിയിട്ടായിരുന്നു പരിശോധന. ലോറിയുടേത് ഉൾപ്പെടെ 152.8 ടണ് ഭാരമാണ് 24 മണിക്കൂർ പാലത്തിനു മുകളിൽ നിർത്തിയത്.
ഭാരം കയറ്റുന്പോൾ പാലത്തിന്റെ ബീമിനു പരമാവധി നാലു മില്ലിമീറ്റർ വരെ സ്വാഭാവിക വളവ് ഉണ്ടാകാം. ഭാരം മാറുന്പോൾ വളവു മാറി ബീം പൂർവസ്ഥിതിയിലാകും. ഭാരപരിശോധനയിൽ ബീമിന്റെ സ്വഭാവിക വളവ് ആറു മില്ലിമീറ്റർ വരെയുണ്ടായി എന്നാണു റിപ്പോർട്ട്. ഇതു ബലക്ഷയം കാരണമാണെന്നു കണ്ടെത്തി. ഇതോടെയാണ് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതു തടഞ്ഞത്.