നീലേശ്വരം: പാർട്ടി താത്പര്യപ്പെട്ട് നടപ്പാക്കിയ പദ്ധതിയിലെ റോഡിന് സ്ഥലം വിട്ടുനല്‍കാത്തതിന്റെ പേരിൽ വയോധികയ്ക്ക് സിപിഎമ്മിന്റെ ഊരുവിലക്കെന്ന് പരാതി. നീലേശ്വരം പാലായിയിലെ എം.കെ. രാധ (70) യ്ക്കാണ് ഒറ്റപ്പെടുത്തലും ഭീഷണിയും നേരിടേണ്ടിവരുന്നത്. ഇവരുടെ പറമ്പിലെ തേങ്ങയിടുന്നതിനായി കഴിഞ്ഞദിവസം മറ്റൊരു സ്ഥലത്തുനിന്നും എത്തിച്ച തൊഴിലാളിയെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവം വിവാദത്തിലായിരിക്കുകയാണ്.
തെങ്ങിൽ കയറാനെത്തിയ തൊഴിലാളിയെ സ്ഥലത്തെ ആറ് സജീവ സിപിഎം പ്രവർത്തകരടങ്ങുന്ന സംഘം തടയുകയും കത്തി പിടിച്ചുവാങ്ങുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാധ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് നടപ്പാക്കിയ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ അനുബന്ധ റോഡ് നിർമിക്കുന്നതിനായി രാധയുടെ പുരയിടത്തിൽനിന്നു സ്ഥലം ഏറ്റെടുക്കാൻ രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ, രാധ സ്ഥലം വിട്ടുനല്‍കാൻ വിസമ്മതിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. പിന്നീട് മറ്റു വഴിയിലൂടെ റഗുലേറ്റർ കം ബ്രിഡ്ജും റോഡും നടപ്പാക്കുകയും ചെയ്തു. എന്നാൽ, ഇതിന്റെ വിരോധം തീർക്കാൻ വർഷങ്ങളായി രാധയെയും കുടുംബത്തെയും ഒറ്റപ്പെടുത്തുകയാണെന്നാണ് ആരോപണം.
ഒരു കാര്യത്തിലും ഈ കുടുംബവുമായി സഹകരിക്കരുതെന്ന് പ്രദേശവാസികൾക്ക് അപ്രഖ്യാപിത വിലക്കുണ്ട്. പറമ്പിലെ കാർഷിക ജോലികൾ പോലും ചെയ്യാനാകാതെ കാടുപിടിച്ച നിലയിലാണ്. വീട്ടാവശ്യത്തിന് സ്വന്തം പറമ്പിലെ തേങ്ങപോലും പറിച്ചെടുക്കാനാവാത്ത നിലയായതോടെയാണ് അഞ്ച് കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്ന് തെങ്ങുകയറ്റക്കാരനെ കൊണ്ടുവന്നതെന്ന് രാധ പറയുന്നു. എന്നാൽ, അതും പാർട്ടി പ്രവർത്തകരെത്തി തടയുകയായിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം പാലായി ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി. മനോഹരൻ പറഞ്ഞു. പാലായിയിലെയും പരിസര പ്രദേശങ്ങളിലെയും പറമ്പുകളിൽ തേങ്ങ പറിക്കുന്നത് ഇവിടത്തെ തൊഴിലാളികളാണ്. പുറമേനിന്ന് തൊഴിലാളികൾ വന്നാൽ അതിനെ തടയുന്നത് നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമാണെന്ന് അദ്ദേഹം പറഞ്ഞു.
പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് തുരങ്കം വയ്ക്കാനായി 2012 മുതൽ കള്ളക്കേസുകൾ നല്കി നാടിന്റെ വികസനത്തിന് തടസം നില്‍ക്കുകയാണ് രാധയുടെ കുടുംബമെന്നും ഇതിന്റെ സ്വാഭാവിക രോഷം നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷത്തോളമായിട്ടും പാലമെന്ന നിലയിലല്ലാതെ റഗുലേറ്റർ എന്ന നിലയിൽ പ്രയോജനപ്പെടാൻ കോടികൾ ചെലവഴിച്ച് നിർമിച്ച പദ്ധതിക്കായിട്ടില്ല.
റഗുലേറ്ററിന്റെ ഷട്ടറുകൾ അടയ്ക്കുമ്പോൾ ബ്രിഡ്ജിന്റെ പടിഞ്ഞാറുവശത്ത് കിലോമീറ്ററുകളോളം ദൂരം പറമ്പുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകുന്നതാണ് പ്രശ്നം. പ്രായോഗിക വശങ്ങൾ പരിഗണിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന ആരോപണം അന്നുമുതൽ കേൾക്കുന്നതാണ്.