കാളികാവ്: ഇന്ദിരാഗാന്ധിയെ ഡൽഹിയിൽ പോയി നേരിൽ കണ്ട മാതിയുടെ മകൾ നീലി ഇന്ദിര സ്ഥാപിച്ച ആദിവാസി കോളനിയിൽ അവഗണനകളേറ്റ് ദുരിതത്തിൽ. 1976 ൽ ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം കേന്ദ്ര സർക്കാർ സ്ഥാപിച്ചതാണ് ചോക്കാട് 40 സെന്റ് ആദിവാസി കോളനി. തൊട്ടടുത്ത വർഷം റിപ്പബ്ലിക് ദിനത്തിലാണ് ആദിവാസികൾക്ക് ഡൽഹിയിലേക്ക് ക്ഷണം കിട്ടിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏതാനും ആദിവാസികളെ വിമാനമാർഗമാണ് അന്ന് ചെങ്കോട്ടയിലെത്തിച്ചത്. ഈ കൂട്ടത്തിലാണ് ചോക്കാട്ടെ മാതിയും ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ അടുത്തു എത്തിയത്.
മതിയെ ഇന്ദിര ആശ്ലേഷിച്ചത് അക്കാലത്ത് വാർത്തയാവുകയും ചെയ്തിരുന്നു. മാതിയുടെ കുടുംബം ഇനി രക്ഷപ്പെടുമെന്ന് അക്കാലത്ത് വ്യാപക പ്രചാരണവും നടന്നിരുന്നു.
ഇന്ദിരാഗാന്ധിയുടെ ചെറുമകൻ മത്സരിക്കുന്ന മണ്ഡലം എന്ന നിലയിൽ വളരെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് കൂടിയാണ് 23ന് നടക്കുന്നത്. നാൽപ്പത് സെന്റ് കോളനിയിലെ മാതിയുടെ മകൾ മക്കളില്ലാത്ത നീലിക്ക് അറുപത് വയസ് കഴിഞ്ഞിട്ടും നാല്പത് വയസ് എന്ന് തെറ്റായി റേഷൻ കാർഡിലും മറ്റു രേഖകളിലുമെല്ലാം രേഖപ്പെടുത്തിയതിനാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളിലൊന്നു പോലും ലഭിക്കുന്നില്ല.
വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്പോാഴും കോളനിയിലെ ആദിവാസികളെ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളൊന്നും ഏശിയിട്ടില്ല. കോളനിയിലെ ആളുകളിൽ പുരുഷൻമാർ കാട്ടിൽ വന വിഭവങ്ങൾ തേടി പോകുന്നവരായതിനാൽ രാഷ്ട്രീയ പ്രവർത്തന രംഗത്തുള്ളവർ വളരെ കുറവാണ്. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയാണ് ചോക്കാട് 40 സെന്റ് ആദിവാസി കോളനി. വംശനാശം നേരിടുന്ന പ്രക്തന ഗോത്ര വിഭാഗത്തിൽ പെടുന്നവരാണ് മാതിയുടെ കുടുംബവും. നൂറിലേറെ കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്.
പല പ്രമുഖരും സന്ദർശിച്ച കോളനിയായിട്ടും കോളനിനിവാസികളുടെ അവസ്ഥ ദയനീയമാണ്. ഏറെ പേർ വിദ്യാഭ്യാസ പരമായി ഡിഗ്രിയും പിജിയുമൊക്കെ കരസ്ഥമാക്കിയെങ്കിലും പലർക്കും ജോലി ലഭിച്ചിട്ടില്ലാത്തതിനാലും കാര്യമായ വരുമാനമാർഗമില്ലാത്തതിനാലും കോളനിയിലെ നിരവധി കുടുംബങ്ങളുടെ ജീവിത നിലവാരം ഇപ്പോഴും ഉയർന്നിട്ടില്ല. പല കുടുംബങ്ങൾക്കും വീട് അനുവദിച്ചു കിട്ടാത്തതിനാൽ കുടിലുകളിലാണ് ഇപ്പോഴും ഇവർ കഴിഞ്ഞ് കൂടുന്നത്.