കിഴക്കമ്പലം: പട്ടിമറ്റത്ത് വില്ലേജ് ഓഫീസ് വരാന്തയിൽ പട്ടികജാതിക്കാരനായ വികലാംഗൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രദേശവാസിക്കെതിരേ ആത്മഹത്യാക്കുറിപ്പുമായി ബന്ധുക്കൾ രംഗത്ത്. പട്ടിമറ്റം നീലിമല ഭാസ്ക്കര (68) നെയാണ് ഇന്നലെ രാവിലെ 9.30 ഓടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നുമാണ് മരണത്തിനു കാരണം പ്രദേശവാസിയാണെന്ന് പറയുന്ന കുറിപ്പ് ലഭിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഭാസ്ക്കരനും പ്രദേശവാസിയും തമ്മിൽ ഭൂമി സംബന്ധമായ തർക്കം നേരത്തെ നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഭാസ്ക്കരന്റെ കുടുംബാംഗങ്ങൾ പറയുന്നതിങ്ങനെ: 1991ലാണ് സമീപവാസിയായ ആൾക്ക് അഞ്ച് സെന്റ് സ്ഥലം ഭാസ്ക്കരൻ വിറ്റത്. പട്ടയമില്ലാത്ത ഭൂമിയായിരുന്നു ഭാസ്ക്കരൻ നൽകിയത്.
2008 ൽ സ്ഥലത്തിന്റെ കൈവശ രേഖ ലഭിച്ചതുമുതൽ സമീപവാസി ഭാസ്ക്കരനെ ഭീഷണിപ്പെടുത്തിയിരുന്നു. അതിരില്ലാത്ത ഭൂമിയായതിനാൽ ഇത് അളന്ന് തിരിക്കുന്നത് പ്രയാസമായിരുന്നു. ഇത് മുതലെടുത്ത സമീപവാസി പട്ടയമില്ലാത്ത ഭൂമി തന്നതിനെ ചോദ്യം ചെയ്ത് അതിനടുത്തുള്ള അഞ്ച് സെന്റ് സ്ഥലം കൂടി നൽകണമെന്നാവശ്യപ്പെട്ട് ഭാസ്ക്കനെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് വർഷങ്ങളായി ഇരുവരും തമ്മിൽ കേസ് നടന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ കുന്നത്തുനാട് പോലീസിലും എസ്പി ഓഫീസിലും സമീപവാസിക്കെതിരെ പരാതി നൽകിയിരുന്നു. പോലീസ് ഇരുകൂട്ടരെയും വിളിച്ചിച്ച് തർക്കം പരിഹരിച്ച് വിട്ടിരുന്നു.എന്നാൽ തുടർന്നും ഭാസ്ക്കരനെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
നിരന്തരം ഭൂമി സംബന്ധിച്ച് ഭാസ്ക്കരനു മേൽ സമീപവാസി സമ്മർദം ചെലുത്തിയിരുന്നത് മാനസികമായി ഭാസ്ക്കരനെ തളർത്തിയിരുന്നു. ആത്മഹത്യക്കിടയായത് സമീപവാസിയുടെ എതിർപ്പും അധിക്ഷേപവും ഭീഷണിയുമാണെന്നാണ് കുറിപ്പിലുള്ളത്.