കോട്ടയം: നീലിമംഗലം റെയിൽവേ പാലത്തിൽ സുരക്ഷ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം ഇതു വഴി മൂന്നു തൊഴിലാളികൾ നടന്നു പോകവേ ട്രെയിൻ എത്തുകയും രണ്ടു പേർ ഓടി രക്ഷപ്പെടുകയും ഒരാൾ ആറ്റിലേക്ക് ചാടുകയും ചെയ്തു. ആറ്റിലേക്ക് ചാടിയ ആൾ മരണപ്പെട്ടിരുന്നു. നടപ്പാത ഉണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
നേരത്തെ പാലത്തിന്റെ രണ്ടു വശങ്ങളിലും കാൽനടക്കാർക്ക് നിൽക്കാൻ സൗകര്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ട്രെയിനിന് കടന്നുപോകാൻ മാത്രം സംവിധാനമുള്ള പാലത്തിലൂടെ അക്കരെ ഇക്കരെ സഞ്ചരിക്കുന്നത് നിരവധി പേരാണ്. പാളത്തിലൂടെ എളുപ്പമാർഗം സഞ്ചരിക്കുന്നതിനിടെ നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.
കാൽനടക്കാർക്ക് ട്രെയിൻ വരുന്പോൾ കയറിനിൽക്കാൻ പാലത്തിൽ സംവിധാനമൊരുക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇവിടെ നിർമിക്കുന്ന പുതിയ പാലത്തിൽ നടപ്പാതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
പുതിയ പാലത്തിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്. പ്രളയകാലത്തും നീലിമംഗലം പാലം വാർത്തശ്രദ്ധ നേടിയിരുന്നു. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ അപകടത്തിലായ പാലത്തിലൂടെ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചിരുന്നു. നിലവിൽ പാലത്തിന്റെ ഇരുവശങ്ങളിലേക്കും നീണ്ടുനിൽക്കുന്ന ഇരുന്പു ബീമുകൾ മാത്രമാണുള്ളത്.
പാലത്തിന്റെ മുകളിൽ ഇരുന്പു തകരങ്ങൾ നിരത്തിയിട്ടുണ്ട്. നടക്കുന്പോഴുണ്ടാകുന്ന ശബ്ദവും ഇളക്കവും ഇതുവഴി നടന്നു പോകുന്നവരെ ഭയപ്പെടുത്താറുണ്ട്.