ഗാന്ധിനഗർ: നീലിമംഗലത്ത് ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ വെട്ടും മർദനവുമേറ്റ രണ്ടു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. നട്ടാശേരി സ്വദേശികളായ മാടപ്പള്ളി ശശികുമാർ (52), അശോക ഭവനിൽ അശോകൻ (42) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശശികുമാറിനാണ് വെട്ടേറ്റത്.
സംക്രാന്തി സ്വദേശികളായ ശ്രീദേവ്, മഹേഷ്, അനന്തു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഗാനമേളയ്ക്കെത്തിയ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തെ തുടർന്ന് ഗാനമേള പോലീസ് ഇടപെട്ട് നിർത്തി വച്ചു. കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവത്തോടനുബന്ധിച്ചാണ് ഗാനമേള നടത്തിയത്.