കോട്ടയം: എംസി റോഡിൽ നീലിമംഗലത്ത് അപകടത്തെ തുടർന്നു ഓട്ടോ ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയ പാലത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു.
റോഡിലെ ഗതാഗതം പൂർണമായും തടസപ്പെടുത്തി, വാഹനങ്ങൾ പഴയ പാലത്തിലൂടെ വഴി തിരിച്ചു വിട്ടാണു ഇന്നും അറ്റകുറ്റ പണികൾ നടത്തുന്നത്.
ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിലാണ് നീലിമംഗലം പാലത്തിൽ ഓട്ടോ ഡ്രൈവർ കടുത്തുരുത്തി മാഞ്ഞൂർ ഇലവത്തിൽ രഞ്ജിത്ത് സെബാസ്റ്റ്യ(28)ൻ മരിച്ചത്. ഇതിനുശേഷം റോഡിൽ അടിയന്തരമായി അറ്റകുറ്റ പണികൾ നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു.
ഇതേ തുടർന്നാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പും, കെഎസ്ടിപിയും ചേർന്ന് അറ്റകുറ്റ പണികൾ ആരംഭിച്ചിരിക്കുന്നത്.
പാലത്തിലേക്കു കയറുന്ന ഭാഗത്തുണ്ടായ കുഴി അടച്ച ശേഷം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിനാണ് ആലോചന. ഇതേ തുടർന്നു എംസി റോഡിലെ പഴയ പാലത്തിലൂടെയാണ് ഗതാഗതം കടത്തി വിടുന്നത്.
എംസി റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ റോഡിലെ അറ്റകുറ്റ പണികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനാണ് കെഎസ്ടിപി ആലോചിക്കുന്നത്.