നെന്മാറ: പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ കൊയ്ത്ത് തകൃതിയിൽ നടക്കുന്നു. സപ്ലൈകോ നെല്ല് സംഭരണം കാര്യക്ഷമമാക്കിയെങ്കിലും ചെറുകിട കർഷകരിൽ പലരും നെല്ല് സ്വകാര്യ മില്ലുകളിലേയ്ക്ക് അളന്നു വിടുന്നു.സപ്ലൈകോ 23.3 രൂപയ്ക്ക് നെല്ലെടുക്കുന്പോൾ സ്വകാര്യ മില്ലുകൾ 19 മുതൽ 20 രൂപ വരെയാണ് നെല്ലെടുക്കുന്നത്.
സർക്കാർ നെല്ലെടുക്കുന്നതിനു വേണ്ടി രജിസ്റ്റർ ചെയ്ത കർഷകരും ഇതു തന്നെയാണ് സ്ഥിതി. കൊയ്ത നെല്ല് ഉണക്കിയും പതിരു കളഞ്ഞും മാത്രമേ സപ്ലൈകോ അളന്നെടുക്കൂ എന്ന മാനദണ്ഡം കർഷകരെ ഏറെ വലയ്ക്കുന്നു.
കൊയ്ത്ത് യന്ത്രം കൊണ്ട് കൊയ്തെടുത്ത നെല്ല് അന്നേദിവസം അളന്നു കൊണ്ടുപോകാൻ കഴിയാത്തതും വാഹനങ്ങളിൽ കയറ്റി കളങ്ങളിൽ ശേഖരിച്ച് തൊഴിലാളികളെ കൊണ്ട് ഉണക്കിയെടുക്കുന്നതും കർഷകരെ ഏറെ വലയ്ക്കുന്നു. അതിനാൽ കർഷകരിൽ പലരും സ്വകാര്യ മില്ലുകൾക്ക് അളന്നു കൊടുക്കുവാൻ സന്നദ്ധരാകുന്നു.
നെല്ലിന്റ വില ഉടനെ ലഭിയ്ക്കുന്നതും കർഷകരെ സ്വകാര്യ മില്ലുകളിലേയ്ക്കുള്ള കച്ചവടത്തിന് പ്രേരിപ്പിക്കുന്നു. കൊയത്ത് യന്ത്രത്തിന്റെ വാടക നിരക്ക് ഏകീകരിക്കാത്തതും കർഷകരെ ഏറെ നഷ്ടമുണ്ടാക്കുന്നു. അയിലൂർ, ഇടപ്പാടം, കോഴിക്കാട് പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ തൊഴിലുറപ്പുപ്പണികൾ തുടങ്ങിയതിനാൽ പണിയ്ക്ക് തൊഴിലാളികളെ കിട്ടുന്നതിനും പ്രയാസമാകുന്നുണ്ട്. കൊയ്തെടുത്ത നെല്ല് ഉണക്കുന്നതിന് ഇതുമൂലം കാലതാമസമുണ്ടാകുന്നു.