കൊച്ചി: വൈദ്യുതി വകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും ഇലക്ട്രിക് ഓട്ടോറിക്ഷാ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്.
പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ (കെഎഎല്‍) ഇലക്ട്രിക് ഓട്ടോ ‘നീംജി’ യുടെ എറണാകുളത്തെ ആദ്യ ഷോറൂം കലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെഎഎലിന്റെ ഇലക്ട്രിക് ഓട്ടോ റിക്ഷകളുടെ വ്യാപനം ലക്ഷ്യമിട്ട് ആദ്യഘട്ടത്തില്‍ ഇ-ഓട്ടോ റിക്ഷകള്‍ക്ക് സബ്സിഡി നല്‍കും. വ്യവസായ, ഗതാഗത വകുപ്പുകള്‍ സംയുക്തമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കാണ് സബ്സിഡി നല്‍കുന്നത്.
എല്ലാ ജില്ലകളിലും ഇലക്ട്രിക് ഓട്ടോ റിക്ഷകളുടെ ഏജന്‍സികള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡ്രൈവറടക്കം നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമുള്ള ‘നീംജി’ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.
5.4 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇ-ഓട്ടോ റിക്ഷകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ മൂന്നു മണിക്കൂര്‍ വേണം.