ജിയാക്സിംഗ് (ചൈന): ഇന്ത്യയുടെ മലയാളി ലോംഗ് ജംപ് താരം നീന വരകിലിനു സ്വര്‍ണം. ഏഷ്യന്‍ ഗ്രാന്‍പ്രീയുടെ രണ്ടാം പാദത്തിലാണ് മലയാളി താരത്തിന്റെ സ്വര്‍ണച്ചാട്ടം. ചൈനയുടെ സു സിയോലിംഗുമായിട്ടായിരുന്നു നീനയുടെ പോരാട്ടം. തുടക്കത്തില്‍ ചൈനീസ് താരമായിരുന്നു മത്സരത്തില്‍ മുന്നില്‍. രണ്ടാം റൗണ്ടില്‍ താരം സിയോലിംഗ് 6.32 മീറ്റര്‍ ചാടി. മൂന്നും നാലും റൗണ്ടുകളില്‍ നീന ചൈനീസ് താരത്തിന്റെ ചാട്ടത്തിന് ഒപ്പമെത്തി.
ആറാമത്തെയും അവസാനത്തെയും റൗണ്ടില്‍ നീനയ്ക്കു സമ്മര്ദമുയര്ത്തിക്കൊണ്ട് സിയോലിംഗ് 6.37 മീറ്റര്‍ കുറിച്ചു. അഞ്ചാമത്തെ റൗണ്ടില്‍ നീനയുടെ ചാട്ടത്തിന് പിഴവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നീന അവസാന ഉദ്യമത്തില്‍ പിഴവുകള്‍ ഒന്നും വരുത്താതിരിക്കാനാണ് ശ്രദ്ധിച്ചത്. നീന ചാട്ടം തുടങ്ങിയപ്പോള്‍ ഏവരുടെയും ശ്രദ്ധ സ്കോര്ബോര്ഡിലായിരുന്നു.
ഇന്ത്യന്‍ ക്യാമ്പിനെ ആഹ്ലാദത്തിലാക്കിക്കൊണ്ട് നീനയുടെ ചാട്ടത്തിന്റെ ദൂരം 6.37 മീറ്ററായും ഒന്നാം സ്ഥാനത്തെന്നും സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞു. ചൈനീസ് താരത്തിന്റെ ദൂരത്തിനൊപ്പം നീനയുമെത്തി. രണ്ടു റൗണ്ടുകളില്‍ 6.32 മീറ്റര്‍ കുറിച്ച മലയാളി താരത്തെ സ്വര്‍ണത്തിലെത്തിച്ചു. ജിന്ഹുവയിലെ ആദ്യ പാദത്തില്‍ സിയോലിംഗ് വെങ്കല മെഡലാണ് അണിഞ്ഞത്. അവിടെ സ്വര്‍ണം നേടിയ വിയറ്റ്നാമിന്റെ ബു തി തു തവോ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
കോഴിക്കോട് സ്വദേശിനിയാണ് നീന. വനിതകളുടെ 800 മീറ്ററിൽ ഒളിന്പ്യൻ ടിന്റു ലൂക്കയ്ക്കു രണ്ടാം പാദത്തിലും വെള്ളിയാണ് ലഭിച്ചത്. സമയം 2:06.32. ചൈനയുടെ വാംഗ് ചുന്യു (2:05:86) സ്വര്‍ണമണിഞ്ഞു. 100 മീറ്ററില്‍ ഇന്ത്യയുട ദ്യുതി ചന്ദ് രണ്ടാം പാദത്തില്‍ വെള്ളിയിലെത്തി.
11.57 സെക്കന്‍ഡിലാണ് ദ്യുതി വെള്ളിയിലേക്ക് ഓടിക്കയറിയത്. ആദ്യ പാദത്തില്‍ വെങ്കലമായിരുന്നു. കസാഖിസ്ഥാന്റെ വിക്ടോറിയ സ്യാബ്കിന (11.36 സെക്കന്‍ഡ്) രണ്ടാം തവണയും സ്വര്‍ണം നേടി.ആദ്യ പാദത്തില്‍ 800 മീറ്ററില്‍ വെള്ളി നേടിയ മലയാളി താരം ജിന്സണ് ജോണ്സണ് നിരാശപ്പെടുത്തി. 1:53:76 സമയം കുറിച്ച ജിന്സണ് ഏറ്റവും അവസാനത്തെയാളായാണ് ഫിനിഷ് ചെയ്തത്. കടുത്ത തണുപ്പാണ് വലച്ചതെന്ന് അത്ലറ്റുകൾ പറഞ്ഞു.
നീരജ് ലണ്ടനിലേക്ക്
ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ പ്രതീക്ഷയായ നീരജ് ചോപ്ര ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടി. ലോക ജൂണിയര്‍ ചാമ്പ്യനായ നീരജ് വെള്ളി മെഡല്‍ നേടിയാണ് യോഗ്യത ഉറപ്പിച്ചത്. ഏഷ്യന്‍ ഗ്രാന്‍പ്രീയുടെ ആദ്യപാദത്തിലും നീരജ് വെള്ളി നേടിയിരുന്നു. 83.32 മീറ്റർ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് ഇന്ത്യന്‍ യുവതാരം രണ്ടാം സ്ഥാനത്തെത്തിയത്.
ഷോട്ട് പുട്ടില്‍ ജിന്‍ഹുവയില്‍ സ്വര്‍ണം നേടിയ മന്‍പ്രീത് കൗറിന് രണ്ടാം പാദത്തില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 17.44 മീറ്ററിലേക്കു ഷോട്ട് പായിക്കാനേ മന്പ്രീതിനായുള്ളൂ. ജിന്‍ഹുവയില്‍ 18.86മീറ്ററായിരുന്നു. ഏഷ്യൻ ഗ്രാൻപ്രീയുടെ അവസാന പാദം മറ്റെന്നാള്‍ ചൈനീസ് തായ്പേയിയിൽ നടക്കും. മലയാളിയായ മുഹമ്മദ് അനസ്, എം. ആർ. പൂവമ്മ തുടങ്ങിയവർ പങ്കെടുക്കും.