കോട്ടയം: തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാ ബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ അത്ലറ്റിക്സ് ഇനങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. ആദ്യദിനം ഇന്ത്യക്കു ഒരു സ്വര്‍ണമുൾപ്പെടെ നാലു മെഡലുകള്‍ ലഭിച്ചപ്പോള്‍ അതിലൊന്ന് മലയാളി താരത്തിനാണ്. വനിതകളുടെ ലോംഗ് ജംപില്‍ വി.നീന വെങ്കലം നേടി. 6.04 മീറ്റര്‍ കണ്ടെത്തിയാണ് നീന വെങ്കലം സ്വന്തമാക്കിയത്.
ഈയിനത്തില്‍ കസാഖിസ്ഥാന്റെ ഓള്‍ഗ റിപ്പക്കോവ (6.43) സ്വര്‍ണവും വിയറ്റ്നാമിന്റെ ബുയി തി തുതാവോ (6.36) വെള്ളിയും നേടി. 25 ഇന്ത്യന്‍ അത്ലറ്റുകള് പങ്കെടുക്കുന്ന ഗെയിംസില്‍ ഇന്ത്യയുടെ ആദ്യമെഡല്‍ തെജീന്ദര്പാല് സിംഗിലൂടെ ലഭിച്ചു. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ 19.26 മീറ്റര്‍ കണ്ടെത്തിയ തജീന്ദര്‍ വെള്ളി നേടി.
ഈയിനത്തില്‍ കസാഖിസ്ഥാന്റെ ഐവാന്‍ ഇവാനോവിനാണ് (19.60) സ്വര്‍ണം. അതേസമയം, ഈയിനത്തില്‍ മത്സരിച്ച ഓംപ്രകാശ് കര്ഹാനയ്ക്ക് അഞ്ചാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. വനിതകളുടെ പെന്റാത്തലണില്‍ പൂര്‍ണിമ ഹേംബ്രമാണ് ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയത്. 4062 പോയിന്റാണ് പൂര്‍ണിമ കീശയിലാക്കിയത്. വനിതകളുടെ 3000 മീറ്ററില്‍ സഞ്ജീവനി യാദവ് ഒമ്പതു മിനിറ്റ് 26.34 സെക്കന്‍ഡില്‍ ഓടിയെത്തി വെള്ളി നേടി.
ഇന്നലെ ആദ്യം നടന്ന വനിതകളുടെ ഹൈജംപ് ഫൈനലില്‍ ഉസ്ബക്കിസ്ഥാന് താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. നാദിയ ദുസാനോവ (1.86 മീറ്റര്‍) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ സഫിയ സാദുലിയേവയ്ക്കാണ് (1.83) വെള്ളി.
ഇന്നു നടക്കുന്ന വനിതകളുടെ 1500 മീറ്ററില്‍ മലയാളികളുടെ പ്രിയതാരം പി.യു. ചിത്ര മത്സരിക്കുന്നുണ്ട്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരുന്നിട്ടും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സെലക്്ഷന്‍ കമ്മിറ്റി ചിത്രയ്ക്ക് അവസരം നല്‍കാത്തത് വലിയ വിവാദമായിരുന്നു.
കോടതി ഇടപെട്ടിട്ടും ചിത്രയ്ക്കു പങ്കെടുക്കാനായില്ല. ഇതിനു ശേഷം ചിത്ര പങ്കെടുക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മീറ്റാണിത്. റാങ്കിംഗ് അടിസ്ഥാനത്തിലാണ് ചിത്രയ്ക്ക് യോഗ്യത ലഭിച്ചത്. മികച്ച പ്രകടനം ചിത്രയ്ക്ക് കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന് സിജിന്‍ ദീപികയോടു പറഞ്ഞു. ഇന്നു വൈകിട്ട് 5.45നാണ് മത്സരം.
വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എന്‍.വി. ഷീന മത്സരിക്കും. ഇന്ന് മെഡല്‍ പ്രതീക്ഷയുമായിറങ്ങുന്ന മറ്റൊരു താരം പുരുഷന്മാരുടെ 3000 മീറ്ററില്‍ ജി. ലക്ഷ്മണാണ്.