വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ: ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര തേടി പോയ ബോട്ടുകളും വള്ളങ്ങളും തീരമണയുമ്പോൾ ഹാർബറുകളിൽ ഇന്ന് മുതൽ ആരവങ്ങൾ ഉയരും. ബുധനാഴ്ച്ച അർധരാത്രി മുതൽ ബോട്ടുകളിൽ ചിലത് കടലിൽ പോയി.
ഏറെ ബോട്ടുകളും വള്ളങ്ങളും പുലർച്ചെ മുതൽ മത്സ്യബന്ധനത്തിനായി പോകും. കോവിഡും കാലാവസ്ഥാ വ്യതിയാനവും കാരണം ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാൻ കഴിയാത്തവസ്ഥയിൽ ആയിരുന്നു. തങ്കശേരി, അഴീക്കൽ ഹാർബറുകളിൽ നിന്നുമുള്ള യാനങ്ങളും ഇന്ന് മുതൽ മത്സ്യബന്ധനത്തിനായി പോകും.
ശക്തികുളങ്ങര ഹാർബറിൽ നിന്നും ബോട്ടുകൾക്കും നീണ്ടകര ഹാർബറിൽ നിന്നും വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് പോയി തിരികെ ഇതേ രീതിയിൽ ഹാർബറുകളിൽ തിരികെ എത്തി മത്സ്യവിപണനം നടത്താം.
രജിസ്ട്രേഷൻ നമ്പർ പ്രകാരം ഒറ്റ, ഇരട്ട നമ്പരുകൾ പ്രകാരമായിരിക്കും ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിനു ശേഷം ഇടവിട്ട ദിവസങ്ങളിൽ ഹാർബറുകളിൽ എത്തി മത്സ്യവിപണനം ചെയ്യേണ്ടത്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റയക്ക നമ്പരുകൾ ഉള്ള യാനങ്ങൾക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പരുകൾ ഉള്ള യാനങ്ങൾക്കും മാത്രമെ മത്സ്യവിപണനത്തിനായി ഹാർബറുകളിൽ പ്രവേശനമുണ്ടാകുകയുള്ളുവെന്നും അധികൃതർ പറഞ്ഞു.
ഇതിനായി അധികൃതർ ഇന്നലെ മുതൽ കടലിൽ പോകാനുള്ള യാനങ്ങൾക്ക് പാസുകൾ നൽകി തുടങ്ങി. കോവിഡ് കാരണം തിരക്ക് വർധിക്കാതിരിക്കാനാണ് ഈ തൽക്കാല തീരുമാനമെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
ചാകര ലഭിക്കുമെന്ന ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറിയും യാനങ്ങൾ കടലിലേയ്ക്ക് പോയിരിക്കുന്നത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. നൗഷര്‍ ഖാനും മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ എസ്.എസ് ബൈജുവും തീരദേശ പോലീസ് സ്റ്റേഷന് സിഐ എസ്. ഷരീഫ്, ചവറ സിഐ എ. നിസാമുദീന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ ഹാര്‍ബറിലെ ക്രമീകരണങ്ങളും വിലയിരുത്തി.