നീണ്ടകര: ട്രോളിംഗ് നിരോധനം, കോവിഡ് എന്നിവയെ തുടര്‍ന്ന് അടച്ച് പൂട്ടിയ നീണ്ടകര ഹാർബറിൽ മത്സ്യവുമായി വന്ന വള്ളക്കാരും മത്സ്യം വാങ്ങാനായി എത്തിയ കച്ചവടക്കാരും അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഹാർബർ അടച്ച് കിടക്കുന്നതിനാൽ മത്സ്യ കച്ചവടക്കാരെ കയറ്റി വിടാത്തതിനെ തുടര്‍ന്നാണ് വള്ളക്കാരും കച്ചവടക്കാരും അധികൃതര്‍ക്കെതിരെ പ്രതിഷേധവും വാക്കേറ്റവും നടന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
പുലര്‍ച്ചെ വളളത്തിൽ കൊണ്ടുവന്ന മത്സ്യം ഒരുപാട് സമയം ഇട്ടിരുന്നാല്‍ ചീഞ്ഞ് പോകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞെങ്കിലും ഉത്തരവുളളതിനാല്‍ ഹാര്‍ബറിനുളളില്‍ മത്സ്യ കച്ചവടം നടത്താന്‍ സാധിക്കില്ലന്ന തീരുമാനത്തില്‍ അധികൃതര്‍ ഉറച്ച് നിന്നു. ഇതോടെ വിവിധ രാഷ്ട്രീയ നേതാക്കന്മാരും സ്ഥലത്തെത്തി.
തുടര്‍ന്ന് അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടര്‍ന്ന് തത്കാലം കച്ചവടം നടത്താന്‍ നിര്‍ദേശം ഉണ്ടായെങ്കിലും രേഖാമൂലം അറിയിപ്പ് വരാത്തതിനെ തുടര്‍ന്ന് കച്ചവടക്കാര്‍ക്ക് അകത്ത് കടക്കാന്‍ സാധിച്ചില്ല.
ഒടുവില്‍ രേഖാമൂലമുളള അറിയിപ്പ് വന്നതിന് ശേഷമാണ് ഹാര്‍ബറിനുള്ളിലേക്ക് ഇവരെ കയറ്റി വിട്ടത്. പുലര്‍ച്ചെ എത്തിയ വളളങ്ങളിലെ മത്സ്യം ചീഞ്ഞതിനെ തുടര്‍ന്ന് പ്രതിക്ഷിച്ചത്ര വില കിട്ടിയില്ലെന്നും പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം വന്നതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ഉപജീവനത്തിനായി മത്സ്യവുമായി വരുന്ന തൊഴിലാളികളെ സര്‍ക്കാര്‍ ക്രൂശിക്കുകയാണന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. ട്രോളിംഗ് നിരോധനം തീരുന്നത് വരെ പുത്തന്‍തുറയില്‍ താത്കാലികമായി വളളങ്ങള്‍ അടുപ്പിക്കാനുളള സൗകര്യം ഒരുക്കിയാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്നും ചിലതൊഴിലാളികൾ പറഞ്ഞു.