വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ: ചെറുബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങിയതോടെ മത്സ്യമേഖലയ്ക്കും തൊഴിലാളികൾക്കും നേരിയ ആശ്വാസമായി. കോവിഡ് – 19 നെ തുടർന്ന് ഈ മേഖല അതീവ ഗുരുതരമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ വറുതിയിലായിരുന്നു. അഞ്ച് പേർ പോകുന്ന ചെറിയ ബോട്ടുകളും വള്ളങ്ങളും ഇന്നലെ മുതൽ കടലിൽ മത്സ്യബന്ധനത്തിനായി പോയി തുടങ്ങിയത് .
25 എച്ച്പി ശേഷി വരെയുള്ള ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും 32 അടി നീളമുള്ള ബോട്ടുകൾക്കുമാണ് കടലിൽ പോകാൻ അനുമതി. വള്ളങ്ങളിലും ബോട്ടുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന തൊഴിലാളികളിൽ കൂടുതൽ പോകാൻ പാടില്ലെന്ന നിബന്ധന നിലവിലുണ്ട്.
കോവിഡ് – 19 കാരണം കരയിലെത്തിക്കുന്ന മത്സ്യത്തിന് മുൻപ് ഉണ്ടായിരുന്നതു പോലെ ലേലവിളി ഒഴിവാക്കിയാണ് കച്ചവടം. ബോട്ടുകൾ ശക്തികുളങ്ങര ഹാർബറിലും വള്ളങ്ങൾ നീണ്ടകര ഹാർബറിലുമാണ് മത്സ്യവുമായി എത്തി അടുപ്പിക്കുന്നത്.
ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച വിലയിൽ തൂക്കിയാണ് ഇപ്പോൾ വില്പന. ഹാർബർ മാനേജ്മെന്റ്് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേലക്കാരുടെ സാന്നിദ്യത്തിൽ മൊത്ത കച്ചവടക്കാർ മത്സ്യം വാങ്ങും.
ആരും മത്സ്യം വാങ്ങാൻ ഇല്ലായെങ്കിൽ അതേ വിലയ്ക്ക് മത്സ്യഫെഡ് വാങ്ങും. ഇന്നലെ കിലോ ഗ്രാമിന് ചാളയ്ക്ക് 150 രൂപയും കൊഴിയാളയ്ക്ക് 180 രൂപയും വില വീണു. ഇതുപോലെ കരിക്കാടിയ്ക്കും കിലോഗ്രാമിന് അനുസരിച്ചാണ് വില.
പലപ്പോഴും മത്സ്യങ്ങളുടെ വലുപ്പത്തിനനുസരിച്ച് വിലയിലും വ്യത്യാസം വരും. ബോട്ടുകൾ നീണ്ടകര ഫിഷറീസ് സ്റ്റേഷനിലും അഴീക്കൽ കൺട്രോൾ റൂമിലും അറിയിച്ചു വേണം കടലിൽ പോകാൻ. മത്സ്യം വാങ്ങാൻ വരുന്നവർ ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്നും പാസ് വാങ്ങി വേണം ഹാർബറിനുള്ളിലേയ്ക്ക് പോകാൻ.
ചില്ലറ വിൽപ്പനക്കാർ മൊത്തക്കച്ചവടക്കാരിൽ നിന്നുമാണ് മത്സ്യം വാങ്ങാൻ. കോവിഡ് കാരണം ഹാർബറിലെ തിരക്ക് ഒഴിവാക്കാനാണ് ഈ നടപടി.
വരും ദിനങ്ങളിൽ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകയിൽ മത്സ്യത്തിന്റെ ലഭ്യത വർധിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യഫെഡ്. കോവിഡ് കാരണമുണ്ടായ നിയന്ത്രണം മാറിയാൽ മാത്രമെ മത്സ്യമേഖലയിൽ കൂടുതൽ ഉണർവ് ഉണ്ടാകുവെന്നാണ് തൊഴിലാളികൾ പറയുന്നത്.
എന്നാൽ വലിയ ബോട്ടുകളും വള്ളങ്ങളും കടലിലേയ്ക്ക് മത്സ്യ ബന്ധനത്തിന് ഇറങ്ങിയാലേ കൂടുതൽ തൊഴിലാളികൾക്കും ഉപജീവന മാർ്ഗം ഉണ്ടാകു. നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല.