ചവറ: നീണ്ടകര ഹാര്‍ബര്‍ ഗേറ്റിന് സമീപത്തെ മരത്തില്‍ അധിവസിക്കുന്ന കൊക്കുകള്‍ മയങ്ങി വീഴുന്നു. സംഭവം അന്വേഷിക്കാനായി ജില്ലാ വെറ്ററിനറി ഡോക്ടർ കെ കെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കൊറോണ പ്രതിരോധത്തിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസം മുതലാണ് ഇവ മയങ്ങി വീഴുന്നത്. ആദ്യം പക്ഷിപ്പനിയാണോ എന്ന് സംശയിച്ചെങ്കിലും ഹാര്‍ബറിലെ മത്സ്യം കഴിച്ച് മാത്രം വളരുന്ന ഇവക്ക് ഭക്ഷണം കിട്ടാതായതോടെയാണ് മരത്തില്‍ നിന്ന് കൊക്കുകള്‍ വീഴുന്നത്.
മത്സ്യം മാത്രം കഴിച്ച് വളരുന്ന ഈ കൊക്കുകള്‍ ചോറ് പോലുളള ആഹാരസാധനങ്ങള്‍ കഴിക്കില്ല എന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊക്കുകള്‍ ഇത്തരത്തില്‍ വീഴാന്‍ തുടങ്ങിയതോടെ തീരദേശ പോലീസ് ഇവയ്ക്ക് മറ്റ് ആഹാര സാധനങ്ങള്‍ നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയില്ല.
വീഴുന്ന കൊക്കുകളെ ഹാര്‍ബറില്‍ അലയുന്ന തെരുവ് നായ്ക്കള്‍ എടുത്ത് കൊണ്ട് പോവുകയാണ്. ദിവസവും പത്തോളം കൊക്കുകള്‍ മയങ്ങി വീഴുകയാണ്. വരും ദിവസങ്ങളിലും ഇവക്ക് മത്സ്യം കിട്ടിയില്ലെങ്കില്‍ ഇവയുടെ അവസ്ഥ ദയനീയമാകും.
തീരദേശപോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ വെറ്ററിനറി ഡോക്ടർ ബുധനാഴ്ച സ്ഥലത്ത് എത്തി പരിശോധന നടത്തി. വിശദമായ പരിശോധനയ്ക്കായി സാമ്പിൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അന്നനാളവും കുടലും ചുരുങ്ങി കണ്ടെത്തിയതിനാൽ ഭക്ഷണ ലഭ്യതയുടെ കുറവാണന്നാണ് പ്രാഥമിക നിഗമനം.