വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ: അമ്പത്തിരണ്ട് ദിനം നീണ്ട് നിൽക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ജൂലൈ 31 അർധരാത്രിയിൽ ട്രോളിംഗ് നിരോധനത്തിന് വിരാമം കുറിക്കും . നീണ്ടകര പാലത്തിന് താഴെ കുറുകെ അധികൃതർ ചങ്ങല ഇടന്നതോടെ ട്രോളിംഗ് നിരോധനം തുടങ്ങും .
12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യമേഖല വറുതിയിലേക്ക് കടക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ കോവിഡ് വന്നതോടെ ആഴ്ച്ചകളോളം മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല.
ഇതു കാരണം ഇത്തവണ ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ കുടുംബങ്ങളിൽ വറുതി കൂടുതൽ ക്ലേശകരമായി മാറുമെന്നതാണ് സത്യം. ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ നീണ്ടകര, ശക്തിക്കുളങ്ങര ഉൾപ്പെടെ സംസ്ഥാനത്തെ ഫിഷറീസ് ഹാര്‍ബറുകൾ നിശ്ചലമാകും.
അയല്‍ സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം.
ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ല. ബോട്ടുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളില്‍ പണിയെടുക്കുന്ന പതിനായിരങ്ങളാണ് പട്ടിണിയിലാകുക.
നീണ്ടകര ,ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ച് ഏകദേശം 1200 ൽപ്പരം ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. ഭൂരിപക്ഷം തൊഴിലാളികളും കുളച്ചല്‍, ആന്ധ്ര, കൊല്‍ക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു.
ഇതിൽ ഏറെ പേരും കോവിഡ് കാരണം നേരത്തെ നാടുകളിലേയ്ക്ക് പോയിരുന്നു. കോവിഡ് കാരണം ഒരു വിഭാഗം അന്യസംസ്ഥാന തൊഴിലാളികൾ യഥാസ്ഥലങ്ങളിൽ തങ്ങിയിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് പശ്ചാത്തലത്തിൽ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ അടച്ചതിനാൽ മിക്ക ബോട്ടുകളും യാഡുകളിലേയ്ക്ക് മാറ്റി തുടങ്ങിയിരുന്നു. വലകളും മറ്റ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.
എന്നാൽ ചില ബോട്ടുകൾ കൂടി മത്സ്യ ബന്ധനം കഴിഞ്ഞ് എത്താനുണ്ടെന്നാണ് വിവരം. കടലിൽ അവശേഷിക്കുന്ന ബോട്ടുകൾ ഇന്ന് തീരമണയണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ട്രോളിംഗ് നിരോധനത്തോടനുബന്ധിച്ച് നീണ്ടകര, തങ്കശേരി, അഴീക്കൽ ഹാർബറുകൾ കേന്ദ്രീകരിച്ച് ഓരോ ബോട്ടുകളും അതിന് വേണ്ടുന്ന ജീവനക്കാരെയും മറൈൻ എൻഫോഴ്സ്മെന്റ് സജ്ജമാക്കി കഴിഞ്ഞു.
കൂടാതെ തീരദേശ പോലീസിന്റെ നേതൃത്വത്തിൽ പട്രോളിംഗിനായും രക്ഷാപ്രവർത്തനത്തിനായും യോദ്ധ, ദർശന എന്നീ സ്പീഡ് ബോട്ടുകളും അതിലെ ജീവനക്കാരും സജ്ജരായിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ എസ്.ഷെരീഫ് അറിയിച്ചു.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് അഴീക്കൽ, നീണ്ടകര, പള്ളിത്തോട്ടം, തങ്കശേരി, ശക്തികുളങ്ങര പ്രദേശങ്ങളിൽ പ്രത്യേക പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.