നീണ്ടൂർ: നീണ്ടൂർ പാടശേഖങ്ങളിലേക്ക് രാത്രികാലങ്ങളിൽ സ്ഥിരമായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നതായി പരാതി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ മുടക്കാലി റോഡിൽ രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്.
കൃഷി ചെയ്യുന്ന പാടത്തേക്ക് കക്കൂസ് മാലിന്യം തള്ളുന്നത് കർഷകർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. റോഡിൽ കൂടി സഞ്ചരിക്കുന്നവർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
റോഡ് വശങ്ങൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ചെടികളും മരങ്ങളും നട്ടിരുന്നു. ഇതൊക്കെ നശിപ്പിക്കുകയും പ്രദേശം രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കയ്യടക്കിയിരിക്കുകയുമാണ്.
രാത്രി കാലങ്ങളിൽ മദ്യപിച്ചതിനു ശേഷം കാലിക്കുപ്പികൾ പാടശേഖരത്തിലേക്ക് വലിച്ചെറിയുന്നതും കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇത്തരം സാമൂഹ്യ ദ്രോഹികളെ കണ്ടെത്തുവാൻ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കാമറ സ്ഥാപിക്കണമെന്നും കർഷകരും പ്രദേശവാസികളും ആവശ്യപ്പെട്ടു.