കൊടകര: ഹൈസ്കൂൾ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളേയും ഉൾപ്പെടുത്തി മറ്റത്തൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന ജലസാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിൽ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സന്പൂർണ നീന്തൽ പരിശീലന പരിപാടി നടപ്പാക്കുന്നത്.
നീന്തലറിയാതെ കൗമാരപ്രായക്കാർ ജലാശയങ്ങളിൽ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെ കരുതലായി നീന്തൽ പരിശീലന പദ്ധതി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിലധികമായി നീന്തൽ പരിശീലിപ്പിക്കുന്ന ആളൂർ കൊന്പിടി സ്വദേശിയായ എം.എസ്.ഹരിലാലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
പഞ്ചായത്തിലെ അഞ്ച് ഹൈസ്കൂളുകളിലെ ആയിരത്തിലേറെ വരുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. പരിപാടിക്ക് കഴിഞ്ഞ മാസം തുടക്കമായി.ചെന്പുചിറ മഹാദേവക്ഷേത്രത്തോടുചേർന്നുള്ള കുളത്തിലാണ് ഇതിനുള്ള പരിശീലനം നൽകുന്നത്. ഓരോ വിദ്യാലയങ്ങളിൽ നിന്നും ഉൗഴമനുസരിച്ച് കുട്ടികൾ ഇവിടെയെത്തി നീന്തൽ പരിശീലനം നേടുന്നു.
ശനി, ഞായർ ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 6.45 മുതൽ 7.45 വരെയാണ് പരിശീലന സമയം. നീന്തൽപരിശീലനങ്ങൾ പലപ്പോഴും നടത്തുന്നത് സ്വിമ്മിംഗ് പൂളുകളിലൊ അല്ലെങ്കിൽ ആഴം കുറഞ്ഞ ജലാശയങ്ങളിലോ ആണ്. എന്നാൽ അപകടങ്ങൾ ആവർത്തിക്കപ്പെടാതിരിക്കണമെങ്കിൽ ആഴമുള്ള ജലാശയങ്ങളിൽ തന്നെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകണം.
രണ്ടുദിവസം കൊണ്ടുതന്നെ കുട്ടികൾ ഭയം വെടിഞ്ഞ സ്വതന്ത്രമായി നീന്താൻ പഠിക്കുന്നുണ്ടെന്ന് പരിശീലനം നൽകുന്ന ഹരിലാൽ പറഞ്ഞു. കൗമാരങ്ങളെ കയങ്ങൾ കവരാതിരിക്കാൻ മറ്റത്തൂരിന്റെ മുൻകരുതൽ സംസ്ഥാനത്തിനാകെ മാതൃകയാവുകയാണ്.