റജി കലവൂർ
ആലപ്പുഴ: വിദ്യാർഥികളിൽ മുങ്ങിമരണം വ്യാപകമാകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകാൻ ജില്ലാ സ്പോർട്സ് കൗണ്‍സിൽ ആലോചിക്കുന്നു. പുനർനിർമാണം പുരോഗമിക്കുന്ന ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ അധീനതയിലുള്ള രാജാകേശവദാസ് നീന്തൽ കുളത്തിന്റെ നവീകരണം പൂർത്തിയാകുന്നതോടെ ഇതാരംഭിക്കാനാണ് ലക്ഷ്യം.
പ്രഗല്ഭരായ പരിശീലകരെ ഉൾപ്പെടുത്തി വിദ്യാർഥികളിൽ നീന്തലിനുള്ള തുടർപരിശീലനം രാജാ കേശവദാസ് നീന്തൽ കുളത്തിൽ നൽകാൻ കൂട്ടായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് പി.ജെ. ജോസഫ് പറഞ്ഞു. ജലാശയങ്ങളുടെ നാടായ ആലപ്പുഴയുടെ വിവിധയിടങ്ങളിൽ കുട്ടികളുടെ മുങ്ങിമരണങ്ങൾ പതിവു സംഭവങ്ങളായി മാറുകയാണ്.
ഓരോ മാസവും മൂന്നും നാലും വിദ്യാർഥികളാണ് ഇത്തരത്തിൽ മരിക്കുന്നത്. കായലിലും കടലിലും പുഴകളിലും കുളിക്കാനിറങ്ങുന്ന വിദ്യാർഥികൾ നീന്തലിൽ വൈദഗ്ധ്യമില്ലാത്തതുമൂലം കയത്തിൽപ്പെട്ട് മരിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. മികച്ച ഒരു ശാരീരിക വ്യായാമം കൂടിയായ നീന്തലിനെ പാഠ്യപദ്ധതിയോടൊപ്പം കൊണ്ടുപോകാൻ സ്പോർട്സ് കൗണ്‍സിലിന്റെ ഇടപെടലിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
നീന്തലിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ആദ്യപടിയായാണ് നീന്തൽ കുറച്ചെങ്കിലും വശമുള്ള കുട്ടികളെ കണ്ടെത്താൻ സർക്കാർ ഗ്രേസ് മാർക്ക് പദ്ധതി കൊണ്ടുവന്നിട്ടുള്ളത്. നീന്തൽ വശമുള്ള പത്താംക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് പോയിന്റ് അധികം നൽകുന്ന പദ്ധതിയാണിത്. ജില്ലാ സ്പോർട്സ് കൗണ്‍സിലുകൾ നടത്തുന്ന ടെസ്റ്റുകൾ വഴി നൽകുന്ന സർട്ടിഫിക്കറ്റുകൾ അടിസ്ഥാനപ്പെടുത്തിയാകും അധികപോയിന്റ് നൽകുക.
ആലപ്പുഴയിൽ ഇതിനായുള്ള ടെസ്റ്റ് 15ന് പഗോഡ റിസോർട്ടിൽ രാവിലെ 10 മുതൽ നടക്കും. കഴിഞ്ഞ അധ്യയന വർഷവും ഇത്തരത്തിൽ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും വിരലിലെണ്ണാവുന്നത്ര കുട്ടികൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ ഇത്തവണ നിരവധി വിദ്യാർഥികളാണ് ടെസ്റ്റിൽ പങ്കെടുക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്. രണ്ടുദിവസങ്ങളിലായി നടത്തുന്ന രജിസ്ട്രേഷന് ആദ്യദിവസം തന്നെ 200 ൽ അധികം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തത്.
നേരിട്ടും ഫോണ്‍ വഴിയും ഒരുക്കിയ രജിസ്ട്രേഷൻ സൗകര്യം ഇന്നും തുടരും. വെള്ളത്തിൽ വീണാൽ ഒരു കുട്ടിക്ക് രക്ഷപെടാൻ സാധിക്കുമോയെന്നതാണ് പ്രധാനമായും ടെസ്റ്റിന് പരിശോധിക്കുക. നേരത്തെ പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റും സാക്ഷ്യപ്പെടുത്തി നൽകിയാൽ ഗ്രേസ് മാർക്ക് ലഭിക്കുമായിരുന്നു. ഇതിനുമാറ്റം വരുത്തിയാണ് പ്രായോഗിക പരിശോധന സർക്കാർ നിർബന്ധമാക്കിയത്.
അതേസമയം ജില്ലാ സ്പോർട്സ് കൗണ്‍സിലിന് കീഴിലുള്ള ആലപ്പുഴ ബീച്ചിന് സമീപമുള്ള നീന്തൽ കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശതമാനത്തോളം പൂർത്തിയായ നിർമാണത്തിൽ ഒരു കോടിയിലധികം തുകയാണ് വിനിയോഗിക്കുന്നത്.